മലപ്പുറം : തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് കോൺഗ്രസ് എംഎൽഎമാർക്ക് നൽകിയ സ്വീകരണച്ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശനെ പരാമർശിക്കാതെ മൂന്ന് എംഎൽഎമാർ. കെ. സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്ത പരിപാടിയിലാണ് വി. എസ്. ജോയ്, ആര്യാടൻ ഷൗക്കത്ത്, എ. പി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചത്.മലപ്പുറത്തെ എല്ലാ കോണ്‍ഗ്രസ് സീറ്റിലും ചരിത്രവിജയം നേടിയതിനായിരുന്നു സ്വീകരണം സംഘടിപ്പിച്ചത്. പരിപാടിയുടെ പ്രചാരണ ബോർഡുകളിലും വി. ഡി. സതീശന്റെ ചിത്രം ഉണ്ടായിരുന്നില്ല.
തെരഞ്ഞെടുപ്പ് വിജയത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് പരാമർശിക്കാതെയാണ് മൂന്ന് എംഎൽഎമാരും കെ. സി. വേണുഗോപാലിനെ പ്രത്യേകം പുകഴ്ത്തിയത്. കെ. സി. വേണുഗോപാൽ തന്നെ പ്രത്യേകമായി പിന്തുണച്ച നേതാവാണെന്ന് വി. എസ്. ജോയ് പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം തന്നത് കെ സി ആണെന്ന് ആര്യാടന് ഷൗക്കത്ത് പറഞ്ഞു.തുടര്‍ന്ന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കേണ്ടുണ്ടെന്നതും ഓര്‍മ്മിപ്പിച്ചു.
മന്ത്രി എ. പി. അനിൽകുമാറും പ്രസംഗത്തിൽ വി. ഡി. സതീശനെ പരാമർശിച്ചില്ല. അതേസമയം, പൊന്നാനി എംഎൽഎ നൗഷാദ് അലി വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. കെ. സി. വേണുഗോപാലിന്റെ പേര് പരാമർശിക്കാതിരുന്ന അദ്ദേഹം, മുഖ്യമന്ത്രി വി. ഡി. സതീശൻ സർക്കാരിന് കരുത്ത് പകരണമെന്നാണ് പറഞ്ഞത്.
നൗഷാദ് അലി സതീശൻ വിഭാഗവുമായി അടുത്തുനിൽക്കുന്ന നേതാവായാണ് അറിയപ്പെടുന്നത്. ഇതോടെ മലപ്പുറത്തെ സ്വീകരണച്ചടങ്ങിൽ നടന്ന പ്രസംഗങ്ങൾ കോൺഗ്രസിലെ വിഭാഗീയ സമവാക്യങ്ങളിലേക്കും നേതൃത്വത്തെ ചൊല്ലിയുള്ള ഭിന്നതകളിലേക്കും വീണ്ടും ശ്രദ്ധ തിരിക്കുകയാണ്.






