പത്തനംതിട്ട: പത്തനംതിട്ട മെഴുവേലി സഹകരണ ബാങ്ക് കവർച്ച കേസില്‍ അഞ്ച് പ്രതികളെ കോടതി ശിക്ഷിച്ചു. ഏഴു ലക്ഷം രൂപ ബാങ്കിന് നഷ്ടപരിഹാരം നല്‍കാനും ഉത്തരവിലുണ്ട്.
നാലര കിലോ സ്വർണ്ണവും മൂന്നര ലക്ഷത്തിലധികം രൂപയും കവർന്ന കേസിലാണ് 15 വർഷത്തിനു ശേഷം വിധി വന്നത്. ഏറെ കോളിളക്കം ഉണ്ടാക്കിയ മെഴുവേലി ബാങ്ക് കവർച്ച കേസിലാണ് ഒടുവില്‍ ശിക്ഷവിധി.
എട്ടു പ്രതികളില്‍ ഒന്നാംപ്രതി വിനു, രണ്ടാം പ്രതി സുരേഷ്, നാലാംപ്രതി സുധീഷ്, അഞ്ചാം പ്രതി ഗിരീഷ് എന്നിവർക്ക് രണ്ട് വർഷവും 11 മാസവും കഠിനതടവ് സിജെഎം കോടതി വിധിച്ചു.
മൂന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്. ഏഴാംപ്രതി ബിജുവിനു ഒന്നര വർഷം തടവും പതിനായിരം രൂപയുമാണ് ശിക്ഷ. കേസിലെ ആറും എട്ടും പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. ഏറെ ആസൂത്രണം ചെയ്ത് പ്രതികള്‍ കവർച്ച നടത്തിയെന്ന് പ്രോസിക്യൂഷൻ പറയുമ്പോഴും ഗൂഢാലോചന കുറ്റം ഉള്‍പ്പെടെ തെളിയിക്കാനായില്ല. 200 ല്‍ അധികം സാക്ഷികളെ വിസ്തരിച്ചു.
അവധിദിവസം നോക്കി സഹകരണ ബാങ്കിന്റെ പിൻഭാഗം തുരന്നാണ് പ്രതികള്‍ അകത്തുകയറിയത്. മോഷ്ടിച്ച വാഹനവും ഗ്യാസ് കട്ടറുകളുമൊക്കെയാണ് കവർച്ചയ്ക്ക് ഉപയോഗിച്ചത്. പരിസരം ആകെ മുളക് പൊടി വിതറിയിരുന്നു. ഇതരസംസ്ഥാനങ്ങളില്‍ വരെ പോയാണ് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ നന്ദകുമാർ ഉള്‍പ്പെട്ട പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.






