തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതിയില്‍ ഗവർണർ ഇന്ന് തീരുമാനമെടുക്കും.
പ്രോസിക്യൂഷൻ അനുമതി തേടിയുള്ള ഫയലില്‍ ഇന്ന് നിർണായക നീക്കമുണ്ടാകുമെന്നാണ് വിവരം.
അതേസമയം, തട്ടിപ്പില്‍ ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കും മെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസ് എടുത്തിരുന്നു. കൂടാതെ രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.
ജിഎസ്ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണർ സുനില്‍ കുമാറിനെയും കാസർഗോഡ് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണറായ വി. സജിത്തിനേയുമാണ് സ്ഥലം മാറ്റിയത്. സുനില്‍ കുമാറിനെ ആലപ്പുഴ ജില്ലയിലെ കുത്തിയതോട് ഓഡിറ്റ് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ എന്ന അപ്രധാന തസ്തികയിലേക്കാണ് സ്ഥലം മാറ്റിയത്.
റിപ്പോർട്ടർ ചാനലിനെതിരെയുള്ള നികുതിവെട്ടിപ്പ് കേസ് തടസപ്പെടുത്താൻ സുനില്‍ കുമാർ ഇടപെട്ടതായി മൊഴി ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി.
കാസർഗോഡ് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണറായ സജിത്തിനേയും ഓഡിറ്റ് വിഭാഗത്തിലേക്കാണ് മാറ്റിയത്. ഇരുവരേയും പ്രധാനപ്പെട്ട സ്ഥാനത്തുനിന്ന് മാറ്റി അപ്രധാനമായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്.






