തിരുവനന്തപുരം: മെസ്സി ഇടപാടുമായി ബന്ധപ്പെട്ട് കലൂർ സ്റ്റേഡിയം നവീകരണത്തിന് 10 കോടി രൂപ അനുവദിക്കാൻ ശ്രമം നടന്നതായി രേഖകൾ.
സ്റ്റേഡിയം നവീകരണത്തിന് 10 കോടി ആവശ്യപ്പെട്ട് മുൻമന്ത്രി വി.അബ്ദുറഹിമാൻ ധനമന്ത്രിക്ക് നൽകിയ കത്തിന്റെ പകർപ്പ് ലഭിച്ചു.
''കൊച്ചി ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങൾ നടത്തുന്നതിന് ഫിഫ നിലവാരത്തിലുള്ള സൗകര്യങ്ങൾ കുറവാണ്. സ്റ്റേഡിയത്തിൽ ഭൂരിഭാഗം ചെയറുകളും തകർന്നു പോയിട്ടുണ്ട്. പുതിയ ചെയറുകൾ സ്ഥാപിക്കാതെ മത്സരങ്ങൾ നടത്താൻ കഴിയില്ല.
അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങൾ നടത്തുന്നതിന് ഫ്ലഡ്ലൈറ്റ് സംവിധാനം പരിഷ്കരിക്കേണ്ടതുണ്ട്. ഫയർ & സേഫ്റ്റി സംവിധാനങ്ങളും പുനഃസ്ഥാപിക്കണം. പാർക്കിംഗ് സൗകര്യം ഒരുക്കൽ, ഗ്രൗണ്ട് നിലവാരമുയർത്തൽ തുടങ്ങിയ പ്രവൃത്തികളും നടത്തേണ്ടതുണ്ട്. ആയതിനാൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങൾ നടത്തുവാൻ സ്റ്റേഡിയത്തെ ഒരുക്കുന്നതിന് 10 കോടി രൂപ കായിക ഡയറക്ടറുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഹെഡിൽ അടിയന്തരമായി അനുവദിക്കണമെന്നും, സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേന നിർവ്വഹണം നടത്തുന്നതിന് അനുമതി നൽകണമെന്നും അഭ്യർഥിക്കുന്നു'' എന്നാണ് കത്തിൽ പറയുന്നത്.
സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കൈമാറിയതിന് ശേഷമാണ് അബ്ദുറഹിമാൻ കത്ത് നൽകിയത്. കായികവകുപ്പിന് പണം ധനവകുപ്പ് അനുവദിച്ചെങ്കിലും തെരഞ്ഞെടുപ്പ് ചട്ടം പ്രഖ്യാപിച്ചതിനാൽ ഉത്തരവ് ഇറങ്ങിയില്ല.
സ്റ്റേഡിയം സ്വന്തം നിലയിൽ നവീകരിക്കാമെന്നാണ് ആര്ബിസി വാഗ്ദാനം ചെയ്തതിന് ശേഷവും പണം അനുവദിക്കാൻ ശ്രമം നടന്നത് ആര്ബിസിയെ സഹായിക്കാനാണെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ.
കലൂർ സ്റ്റേഡിയം ആര്ബിസിക്ക് കൈമാറിയത് 2025 സെപ്റ്റംബർ 26നാണ്. 10 കോടിരൂപ ധനവകുപ്പിനോട് ആവശ്യപ്പെട്ടത് 2025 ഒക്ടോബർ 6നും.






