കോട്ടയം: താമസിക്കാനായി തിരഞ്ഞെടുത്ത ഹോട്ടല്‍ മുറിയിലേക്ക് കടക്കുമ്പോള്‍ നമ്മള് ആദ്യം ശ്രദ്ധിക്കുക വൃത്തിയുള്ള കിടക്കയാണോ എന്നതാകും.
ചെറിയ ഹോട്ടല്‍ ആയാലും ഫൈവ് സ്റ്റാർ ഹോട്ടല്‍ ആയാലും ഉളള ഒരു പ്രത്യേകത കിടക്ക വെളുത്ത നിറത്തിലുളളതായിരിക്കും എന്നതാണ്.
കിടക്ക മാത്രമല്ല പുതപ്പും തലയിണ ഉറകളും എല്ലാം വെളുത്ത നിറത്തിലായിരിക്കും. എന്തുകൊണ്ടാണ് ഹോട്ടലുകള്‍ നിറങ്ങളുള്ളതോ ഡിസൈനുള്ളതോ ആയ ബെഡ്ഷീറ്റുകള്‍ ഉപയോഗിക്കാത്തതെന്ന് അറിയാമോ?
മുറിയില്‍ കയറുമ്പോള്‍ നല്ല വെളുത്ത നിറത്തില്‍ വിരിച്ച കിടക്ക കാണുമ്പോള്‍ തന്നെ പുതുമയും വൃത്തിയും തോന്നും എന്നതാണ് പ്രധാന കാരണം . മാത്രമല്ല വെളുത്ത തുണിയില്‍ ഏതെങ്കിലും കറയോ അഴുക്കോ വീണാല്‍ പെട്ടെന്ന് കാണാൻ കഴിയും. അടുത്ത അതിഥി വരുന്നതിന് മുൻപ് വൃത്തിയാക്കേണ്ട ഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് ഹോട്ടല്‍ ജീവനക്കാർക്ക് എളുപ്പത്തില്‍ മനസ്സിലാക്കാനും വൃത്തിയാക്കാനും സാധിക്കും.
വെളുത്ത കോട്ടണ്‍ തുണികള്‍ നിറം മങ്ങുമെന്ന പേടിയില്ലാതെ ഉയർന്ന ചൂടിലും ബ്ലീച്ചിംഗ് വസ്തുക്കള്‍ ഉപയോഗിച്ചും കഴുകാൻ സാധിക്കും എന്നതും ഒരു കാരണമാണ്. വെളുത്ത തുണികള്‍ ആകുമ്പോള്‍ എളുപ്പത്തില്‍ മാറ്റി ഉപയോഗിക്കാം.
പഴകിയ ബെഡ്ഷീറ്റുകളും തലയിണ ഉറകളും ഹോട്ടലുകള്‍ ഇടയ്ക്കിടെ മാറ്റാറുണ്ട്. എല്ലാം വെളുത്തതാകുമ്പോള് നിറമോ ഡിസൈനോ ചേരുമോ എന്ന ആശങ്കയില്ലാതെ പുതിയവ എളുപ്പത്തില്‍ മാറ്റിയിടാനാകും.
ഇനി ഹോട്ടല്‍ മുറിയുടെ നിറവും ഡിസൈനുമൊക്കെ മാറ്റിയാലും കുഴപ്പമില്ല. ചുമരുകള്‍ ഏത് നിറത്തിലായാലും അതിന് ചേരുന്ന നിറത്തിലുളള ബെഡ്ഷീറ്റുകള്‍ വേണമെന്ന ടെൻഷനില്ല. വെള്ള നിറം ഏത് നിറത്തിനൊപ്പവും നന്നായി ചേരും. അതുകൊണ്ട് ബെഡ്ഷീറ്റുകള്‍ ഇടയ്ക്കിടെ മാറ്റാതെത്തന്നെ മുറിക്ക് ഭംഗി നിലനിർത്താൻ ഹോട്ടലുകള്‍ക്ക് കഴിയും.






