തിരുവനന്തപുരം: മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പില്‍ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്.
ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം കൂടുതല്‍ രേഖകള്‍ കണ്ടെടുക്കാൻ എസ്ഐടിയുടെ നീക്കം. രണ്ടാം ഘട്ട അന്വേഷണം എല്‍ഡിഎഫിന്റെ പ്രതിരോധത്തിലാക്കും. മുൻ കായിക മന്ത്രി അബ്ദുറഹുമാനെയടക്കം ചോദ്യം ചെയ്യും.
അതേസമയം കേസില്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശിപാർശ ചെയ്യാനൊരുങ്ങുകയാണ് സർക്കാർ. കള്ളപ്പണം വെളുപ്പിച്ചോയെന്ന സംശയത്തില്‍ ഇഡി അന്വേഷണത്തിനാണ് സാധ്യത. തട്ടിപ്പില്‍ എല്ലാം മുൻസർക്കാരിനുമേല് ചാരി, തലയൂരാനാണ് ആന്റോ അഗസ്റ്റിന്റെ ശ്രമം. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള തീരുമാനങ്ങളെല്ലാം സർക്കാർ തലത്തിലെന്നാണ് മൊഴി. ജിഎസ്ടി വകുപ്പിന് ആഗസ്റ്റ് മൂന്നിനാണ് ആന്റോ അഗസ്റ്റിൻ മൊഴി നല്‍കിയത്. സ്പോണ്‍സറാകാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു സമീപിച്ചത് സർക്കാർ ആണെന്നും, അന്നത്തെ കായിക മന്ത്രി വി അബ്ദുറഹിമാൻ സ്പെയിനില്‍ പോയി എഎഫ്എ പ്രതിനിധികളെ കണ്ട് എല്ലാം തീരുമാനിച്ചിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.
കേരളത്തില്‍ വരാൻ അർജന്റീന സമ്മതിച്ചു എന്ന് പറഞ്ഞത് സർക്കാരാണ്. അതിന് പിന്നാലെയാണ് സ്പോണ്‍സർഷിപ്പിനായി തന്നെ സമീപിച്ചതെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. സർക്കാരിന് വേണ്ടി പണം ചെലവാക്കാൻ തീരുമാനിച്ചത് ഗുഡ് വില്ലിന് വേണ്ടിയെന്നും ആന്റോ. ആന്റോ പറയുന്നത് തള്ളണോ കൊള്ളണോ എന്ന് പ്രതിപക്ഷനേതാവ് തന്നെ പറയട്ടെയെന്ന് കായികമന്ത്രി ഒ ജെ ജനീഷ്.
അതിനിടെ അനധികൃതമായി മദ്യം പിടികൂടിയ കേസില്‍ റിപ്പോർട്ടർ ചാനല്‍ മാനേജിങ് എഡിറ്റർ ആൻ്റോ അഗസ്റ്റിന്റെ ജാമ്യ അപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. വീട് തൻ്റേതല്ല എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ആന്റോ. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി മുന്നോട്ടുള്ള നടപടികള്‍ ചൂണ്ടിക്കാട്ടിയായിരിക്കും എക്സൈസിന്റെ വാദം. കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിച്ച, വാഴവറ്റയിലെ വീടിൻറെ അനധികൃത നിർമാണം അടക്കം എക്സൈസ് ഉയർത്തിക്കാട്ടും.






