കൊച്ചി : മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ രേഖകൾ പരിശോധിക്കാൻ തീരുമാനിച്ച് ഇഡി. ഫെമ ചട്ടലംഘനം നടന്നോ എന്നാണ് പരിശോധിക്കുന്നത്. കള്ളപ്പണ ഇടപാടുണ്ടോ എന്ന സംശയവും ഇഡിയ്ക്കുണ്ട്. കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് വിശദമായി പരിശോധിക്കും. വിദേശ പണമിടപാട്, കള്ളപ്പണം വെളുപ്പിക്കൽ, സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളാണ് കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലുള്ളത്.
കൂടാതെ കഴിഞ്ഞ സർക്കാരും സ്പോൺസറുo തമ്മിൽ അവിശുദ്ധ ഇടപാട് ഉണ്ടായെന്നും കണ്ടെത്തിയിരുന്നു. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടരന്വേഷണം പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശൻ വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു.
സംസ്ഥാന സർക്കാരിന് ചില്ലിക്കാശ് നഷടമുണ്ടായില്ലെന്നും, വ്യാജ ഇടപാടിൽ സർക്കാർ ചട്ടവിരുദ്ധമായി ഇടപെട്ടില്ലെന്നുമായിരുന്നു കായിക വകുപ്പ് റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്ന ശേഷമുള്ള മുൻ മന്ത്രി വി അബ്ദുറഹ്മാന്റെയും സ്പോൺസറുടെയും പ്രതികരണം. സർവ്വതും പച്ചക്കള്ളമെന്ന് രേഖകൾ തെളിയിക്കുന്നു.
മെസിയേയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞുള്ള തട്ടിപ്പിലും ചട്ടലംഘനത്തിലും, കഴിഞ്ഞ സർക്കാർ ഇടപെട്ടതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് സ്റ്റേഡിയം കൈമാറാൻ നിർദേശിച്ചതെന്നും കണ്ടെത്തലുണ്ട്.






