തിരുവനന്തപുരം: 2022 ലോകകപ്പ് നേടിയ അർജന്റീന ടീമിനെയും നായകൻ ലയണല്‍ മെസിയേയും കേരളത്തില്‍ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുൻ കായിക മന്ത്രി വി അബ്ദു റഹ്മാനെതിരെ അഴിമതിനിരോധന കേസെടുക്കുന്നതിന് അനുമതി തേടി ഗവർണർക്ക് സർക്കാർ റിപ്പോർട്ട് നല്‍കും.
വി അബ്ദു റഹ്മാൻ, പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ, സ്പോർട്സ് കൗണ്‍സില്‍ മുൻ പ്രസിഡന്റും മുൻ ഫുട്ബോള്‍ താരവുമായ യു ഷറഫലി എന്നിവർക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം അന്വേഷണം നടത്താൻ അനുമതി തേടിയാണ് എസ് ഐ ടി റിപ്പോർട്ട് നല്‍കിയത്.
മുൻ മന്ത്രിയെന്ന നിലയിലാണ് ഗവർണറുടെ അനുമതി തേടാൻ തീരുമാനിച്ചതെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം അംഗങ്ങള്‍ക്കും ജീവനക്കാർക്കുമെതിരെ അഴിമതി നിരോധന വകുപ്പ് ചുമത്തിയപ്പോള്‍ സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിരുന്നല്ല.
ഹൈക്കോടതി നിർദ്ദേശമുള്ളതുകൊണ്ടാണ് പ്രത്യേക അനുമതി വാങ്ങാതിരുന്നതെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്.






