തിരുവനന്തപുരം: അര്‍ജന്റീന ഫുട്ബോള്‍ താരം ലിയോണല്‍ മെസിയെ കേരളത്തിലെത്തിക്കുമെന്ന പറഞ്ഞ് 549 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ
അന്വേഷണം മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനിലേക്ക്.
തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന 25.78 കോടിയോളം രൂപയുടെ നികുതി ഈടാക്കുന്നത് ഉന്നതര്‍ ഇടപെട്ട് തടഞ്ഞുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് മുന്‍ കായിക മന്ത്രിയില്‍ നിന്ന് മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) തീരുമാനിച്ചത്.
മെസിയെ കൊണ്ടുവരുന്നതിന്റെ ഭാഗമായി നടന്ന കോടികളുടെ സാമ്പത്തിക ഇടപാടുകളില്‍ നികുതി ഈടാക്കാന്‍ ജി.എസ്.ടി വകുപ്പ് ശ്രമിച്ചിരുന്നുവെങ്കിലും മന്ത്രിമാരുടെ ഓഫീസില്‍ നിന്നടക്കം കടുത്ത ഇടപെടലുണ്ടായി എന്നാണ് എസ്.ഐ.ടിക്ക് ലഭിച്ച നിര്‍ണ്ണായക മൊഴി.
മുന്‍ മന്ത്രി അബ്ദുറഹിമാന്റെ ഗണ്‍മാന്റെ ഔദ്യോഗിക ഫോണില്‍ നിന്ന് ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി ഫോണ്‍ കോളുകള്‍ എത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ ധനവകുപ്പ് ഓഫീസില്‍ നിന്നും നികുതി പിരിവ് തടയാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായി.
സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട ഭീമമായ നികുതി തുക തടഞ്ഞുവെച്ചതിന് പിന്നില്‍ ആരുടെ താല്പര്യമാണ് പ്രവര്‍ത്തിച്ചതെന്നാണ് എസ്.ഐ.ടി പ്രധാനമായും അന്വേഷിക്കുന്നത്.
വരുംദിവസങ്ങളില്‍ മുന്‍ മന്ത്രിക്ക് പുറമെ കൂടുതല്‍ ഉന്നത രാഷ്ട്രീയ നേതാക്കളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കും.






