കൊച്ചി : റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് ഉള്‍പ്പെട്ട കോടികളുടെ ചരക്ക് സേവന നികുതി തട്ടിപ്പ് വഴിത്തിരിവിലേക്ക്. ആന്റോക്കെതിരേ കടുത്ത നടപടിയുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ നീക്കം. ഇത് സംബന്ധിച്ച എഡിജിപി വിജയന്റെ പ്രത്യേക റിപ്പോർട്ട് ഉടൻ സമർപ്പിച്ചേക്കും.
കേസില്‍ നിര്‍ണായക നിഗമനങ്ങളിലേക്ക് പ്രത്യേക അന്വേഷണ സംഘം എത്തിച്ചേർന്നു. വ്യാജ ബില്ലുകളും വ്യാജ കമ്പനികളും ഉപയോഗിച്ച് നടത്തിയ കോടികളുടെ നികുതിവെട്ടിപ്പിന് പുറമെ, വിദേശ സാമ്പത്തിക ഇടപാടുകളിലും വന്‍ നിയമലംഘനം നടന്നതായി അന്വേഷണസംഘം കണ്ടെത്തി. ഇതോടെ, ആന്റോ അഗസ്റ്റിനെതിരെ വിദേശനാണ്യ നിയന്ത്രണ നിയമപ്രകാരം (ഫെമ) കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ശുപാര്‍ശ നല്‍കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
ആന്റോ അഗസ്റ്റിനും കൂട്ടാളികളും ചേര്‍ന്ന് വിവിധ സ്ഥാപനങ്ങളുടെ പേരിലും അല്ലാതെയും കോടികളുടെ ബിസിനസ് ഇടപാടുകള്‍ നടത്തിയതായി രേഖകളിലുണ്ട്. എന്നാല്‍ ഇതിന് ആനുപാതികമായ ചരക്ക് സേവന നികുതി അടയ്ക്കാതെ വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കുകയായിരുന്നു. നികുതിവെട്ടിപ്പിലൂടെ സമാഹരിച്ച കോടികള്‍ വ്യാജ കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയ ശേഷമാണ് വിദേശത്തേക്ക് കടത്തിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
ഈ സാമ്പത്തിക ഇടപാടുകളിലെ വിദേശ ബന്ധവും നിയമവിരുദ്ധ രീതിയിലുള്ള ഹവാല ശൃംഖലകളുടെ ഉപയോഗവുമാണ് കേസിലേക്ക് വിദേശനാണ്യ നിയന്ത്രണ നിയമത്തിലെ വകുപ്പുകള്‍ കൂടി കൊണ്ടുവരാന്‍ അന്വേഷണസംഘത്തെ പ്രേരിപ്പിച്ചത്. ക്രമക്കേടുകളുടെ വ്യാപ്തി സംസ്ഥാന പൊലീസിന്റെ അന്വേഷണ പരിധിക്കും അപ്പുറത്തായതിനാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും ഇത് സംബന്ധിച്ച് ഉടന്‍ വിശദമായ റിപ്പോര്‍ട്ട് കൈമാറും.
വര്‍ഷങ്ങളായി തുടരുന്ന വിവാദങ്ങളുടെയും സാമ്പത്തിക ആരോപണങ്ങളുടെയും നീണ്ട ചരിത്രമാണ് ആന്റോ അഗസ്റ്റിനും സഹോദരങ്ങള്ക്കുമുള്ളത്. കുറഞ്ഞ വിലയ്ക്ക് തദ്ദേശീയമായി നിര്‍മ്മിച്ച സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുമെന്ന വാഗ്ദാനവുമായി വിപണിയിലിറങ്ങി കോടികളുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണമുയര്‍ന്ന മാംഗോ ഫോണ്‍ കേസ് വഴിയാണ് ഇവര്‍ വാര്‍ത്തകളില്‍ നിറയുന്നത്. വന്‍തോതില്‍ പണം വാങ്ങി ആളുകളെ വഞ്ചിച്ചെന്ന കേസില്‍ അന്ന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
പിന്നീട് സംസ്ഥാനത്തെ നടുക്കിയ വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രധാന പ്രതികളായും ആന്റോ അഗസ്റ്റിനും സഹോദരങ്ങളും മാറുകയുണ്ടായി. ഈട്ടി മരങ്ങള്‍ നിയമവിരുദ്ധമായി മുറിച്ചുകടത്തി കോടികള്‍ തട്ടിയെന്ന കേസിലും ഇവര്‍ക്കെതിരെ അന്വേഷണ ഏജന്‍സികള്‍ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. വിവിധ ഘട്ടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസുകളില്‍ നിന്നും സാമ്പത്തിക തട്ടിപ്പുകളില്‍ നിന്നും സമാഹരിച്ച തുക ഉപയോഗിച്ചാണ് ഇവര്‍ വ്യാജ ബിസിനസ് ശൃംഖല കെട്ടിപ്പടുത്തത്. ഇതിനായി ഡസൻ കണക്കിന് വ്യാജ ബാങ്ക് അക്കൗണ്ടുകളും ഇല്ലാത്ത കമ്പനികളുടെ വിലാസങ്ങളും ഇവര്‍ ദുരുപയോഗം ചെയ്തു. നികുതി അടയ്ക്കാതെ സര്‍ക്കാരിനെ വെട്ടിച്ച് സമാഹരിച്ച ഈ കള്ളപ്പണം പിന്നീട് വിദേശ രാജ്യങ്ങളിലേക്ക് കടത്താനുള്ള സൂത്രധാരനായി ആന്റോ അഗസ്റ്റിന് പ്രവര്‍ത്തിക്കുകയായിരുന്നു.
വിദേശ സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനും വിദേശത്തേക്ക് കടത്തിയ പണത്തിന്റെ ഉറവിടം കണ്ടെത്താനും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സജീവ സഹായം തേടുമെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. ഇതിലൂടെ സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായ മറ്റ് ഉന്നതരേയും വലയിലാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.






