തിരുവനന്തപുരം : മെസി വിവാദത്തില്‍ റിപ്പോർട്ടർ കമ്പനിക്ക് കുരുക്ക് മുറുകുന്നു.ലയണല്‍ മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന പേരില്‍ നടത്തിയ ജിഎസ്ടി തട്ടിപ്പ് കേസില്‍ നികുതിയും പലിശയും പിഴയും ഉള്‍പ്പെടെ 56.32 കോടി രൂപ അടയ്ക്കണമെന്ന് ജിഎസ്ടി വകുപ്പ് വ്യക്തമാക്കി.
നികുതി ഇനത്തില്‍ 25.78 കോടി രൂപയും, പലിശയായി 4.76 കോടി രൂപയും, നികുതി വെട്ടിപ്പിന് 100 ശതമാനം പിഴയായി 25.78 കോടി രൂപയുമാണ് ഈടാക്കുന്നത്. ബാധ്യത വ്യക്തമാക്കിക്കൊണ്ട് ആർബിസിക്ക് ഉടൻ നോട്ടീസ് നല്‍കാനാണ് ജിഎസ്ടി വകുപ്പിൻറെ നീക്കം. സെപ്റ്റംബർ 21 വരെയുള്ള കണക്കിൻറെ അടിസ്ഥാനത്തിലാണ്പലിശയും പിഴയും നിർണയിച്ചിരിക്കുന്നത്. മെസിയുടെ പേരിലെ സാമ്പത്തിക ഇടപാടുകളില്‍ നികുതി വിവരങ്ങള്‍ മറച്ചുവെച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നികുതി വിവരങ്ങള്‍ മറച്ചുവെച്ചതിന് പിഴ ചുമത്തണമെന്ന് പ്രത്യേക അന്വേഷണ സംഘം നേരത്തെ ശിപാർശ ചെയ്തിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്ക് പിന്നാലെയാണ് റിപ്പോർട്ടർ കമ്പനിക്കെതിരെ ജിഎസ്ടി വകുപ്പ് നടപടിയിലേക്ക് കടക്കുന്നത്. മെസിതട്ടിപ്പിലെ കള്ളക്കളികളെല്ലാം മുൻകായികമന്ത്രി വി. അബ്ദുറഹിമാൻറെ അറിവോടെയാണ് നടന്നിട്ടുള്ളതെന്ന് സ്റ്റാഫംഗങ്ങള്‍ എസ്ഐടിക്ക് മൊഴി നല്‍കിയിട്ടുണ്ട്. ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും മന്ത്രി നടപടിയെടുത്തില്ലെന്നും വകുപ്പിലെ കാര്യങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം തീരുമാനിച്ചെന്നുമാണ് സ്റ്റാഫംഗങ്ങള്‍ മൊഴി നല്‍കിയിട്ടുള്ളത്.
മുൻ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജി.ആർ. രമേശാണ് എസ്ഐടിക്ക് നിർണായക മൊഴി നല്‍കിയത്. ടെൻഡർ നടപടികളില്ലാതെ സ്പോണ്‍സറെ നിയോഗിക്കരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മന്ത്രി അത് അവഗണിച്ചു. എയ്ഡഡ് കോളജ് അധ്യാപികയുടെ സേവനം ഉപയോഗിക്കുന്നതിനെതിരെയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഇതും മന്ത്രി പരിഗണിച്ചില്ലെന്നാണ് രമേശിൻറെ മൊഴി. മന്ത്രിയുടെ സുഹൃത്തെന്ന നിലയില്‍ ഒരു വ്യക്തിക്ക് ഔദ്യോഗിക ഇ-മെയിലുകള്‍ കൈകാര്യം ചെയ്യാൻ അനുമതി നല്‍കിയിരുന്നെന്നും മൊഴിയില്‍ പറയുന്നു. വകുപ്പിലെ വിവിധ കാര്യങ്ങളില്‍ മന്ത്രിയുടെ താല്പര്യപ്രകാരമാണ് തീരുമാനങ്ങളെടുത്തിരുന്നതെന്നും രമേശ് എസ്ഐടിയോട് വ്യക്തമാക്കി.
മുൻ പ്രൈവറ്റ് സെക്രട്ടറി സത്യപാലും അബ്ദുറഹിമാനെതിരെ എസ്ഐടിക്ക് മൊഴി നല്‍കിയിരുന്നു. സ്പോണ്‍സറെ നിയോഗിക്കാനുള്ള തീരുമാനം മന്ത്രിയുടേതായിരുന്നുവെന്നാണ് സത്യപാലിൻറെ മൊഴി. ടെൻഡറില്ലാതെ സ്പോണ്‍സറെ നിയോഗിക്കരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മന്ത്രി അത് അവഗണിച്ചെന്നും സത്യപാലൻ മൊഴി നല്കി. സ്പോണ്സറുമായി ബന്ധപ്പെട്ട ആൻറോയുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങളും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതും മന്ത്രി അവഗണിച്ചെന്നാണ് ആരോപണം. എസ്ഐടിയുടെ ചോദ്യം ചെയ്യലിലാണ് ഇരുവരും മൊഴി നല്‍കിയത്.






