ബയ്ജിംഗ്: മരിച്ചെന്ന് കരുതി പെട്ടിയിലടച്ച എഴുപതുകാരി 24 മണിക്കൂറിന് ശേഷം ശ്വാസമെടുക്കുകയും കണ്ണുതുറക്കുകയും ചെയ്തു.
എന്നാല്‍ മണിക്കൂറുകള്‍ക്കകം ഇവർ വീണ്ടും മരണത്തിന് കീഴടങ്ങി. വടക്കൻ ചൈനയിലെ ഹെബെയ് പ്രവിശ്യയിലാണ് സംഭവം നടന്നത്.
വർഷങ്ങളായി തലച്ചോറിലെ രക്തം കട്ടപിടിക്കുന്ന രോഗത്തിനും അവസാന ഘട്ട അർബുദത്തിനും ചികിത്സയിലായിരുന്നു ഈ വയോധിക. രോഗം ഭേദമാക്കാനാകില്ലെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കള്‍ ഇവരെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. സെപ്റ്റംബർ 8-ന് ഇവരില്‍ ജീവന്റെ ലക്ഷണങ്ങളൊന്നും കാണാത്തതിനെ തുടർന്ന് മരിച്ചതായി ഉറപ്പിച്ചു. തുടർന്ന് അകലെയുള്ള ബന്ധുക്കള്‍ എത്തുന്നതുവരെ ശരീരം കേടുകൂടാതെ സൂക്ഷിക്കാൻ തണുപ്പേകുന്ന പ്രത്യേക പെട്ടിയിലേക്ക് മാറ്റി.
പിറ്റേന്ന് വൈകുന്നേരം പെട്ടിയില്‍ നിന്ന് നേരിയ ശബ്ദം കേട്ട മരുമകള്‍ തുറന്നുനോക്കിയപ്പോഴാണ് വയോധിക ശ്വാസമെടുക്കുന്നതായി കണ്ടത്. തുടർന്ന് ഇവരെ പുറത്തെത്തിച്ചപ്പോള്‍ കണ്ണുകള്‍ തുറന്നുവെങ്കിലും സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കുമായിരുന്നില്ല. ജീവന്റെ ലക്ഷണങ്ങള്‍ വളരെ കുറയുന്ന ‘അപ്പാരന്റ് ഡെത്ത്’ എന്ന അവസ്ഥയാകാം ഇതെന്നാണ് പ്രാദേശിക അധികൃതർ വ്യക്തമാക്കുന്നത്. എന്നാല്‍ സെപ്റ്റംബർ 11-ന് ഇവർ മരണപ്പെടുകയും സെപ്റ്റംബർ 13-ന് സംസ്കാരം നടത്തുകയും ചെയ്തു. കൃത്യമായ വൈദ്യപരിശോധന ഇല്ലാതെ മരണം ഉറപ്പാക്കുന്നതിലെ അപകടത്തെക്കുറിച്ചുള്ള വലിയ ചർച്ചകള്‍ക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.






