കൊച്ചി: മീൻ ഫ്രൈയില്‍ ഉപ്പ് കുറഞ്ഞെന്ന കാരണത്തെ തുടർന്ന് ഹോട്ടല്‍ ഉടമ ഷെഫിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.
എറണാകുളം അങ്കമാലിയിലെ മീൻവിലാസം റെസ്റ്റോറന്റിലാണ് സംഭവം. ഷെഫായ കൊല്ലം സ്വദേശി റിയാസിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. വെട്ടേറ്റതിനെ തുടർന്ന് അദ്ദേഹത്തിന്റെ കൈയ്ക്ക് ആഴത്തിലുള്ള മുറിവുണ്ടായതായാണ് വിവരം. പരിക്കേറ്റ റിയാസിനെ ഉടൻ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹോട്ടല്‍ ഉടമ മുഹമ്മദ് ഉബൈസാണ് ഷെഫിനെ വെട്ടിയതെന്നാണ് പരാതി. മീൻ ഫ്രൈയില്‍ ആവശ്യത്തിന് ഉപ്പില്ലെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് അത് ആക്രമണത്തിലേക്ക് വഴിമാറുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം.ഹോട്ടലിന്റെ നാല് ഉടമകളിലൊരാളാണ് ഉബൈസ്. ഉബൈസ് ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുമ്പോള്‍ മീന്‍ ഫ്രൈ ആവശ്യപ്പെടുകയായിരുന്നു. ഷെഫ് മീന്‍ ഫ്രൈ കൊടുത്തപ്പോള്‍ ഉപ്പ് കുറവുണ്ടെന്നും അത് ശരിയാക്കണമെന്നും ഉബൈസ് പറഞ്ഞു.
ഹോട്ടലിന്റെ ഫ്രീസര്‍ ഏറെ നാളായി കേടാണെന്നും അത് ശരിയാക്കിത്തരാന്‍ പറഞ്ഞിട്ട് ഇതുവരെ ശരിയാക്കിയില്ലല്ലോ എന്ന് ഷെഫ് പറഞ്ഞു. ഇതോടെയാണ് വാക്കേറ്റമുണ്ടായത്. ഷെഫ് അടുക്കളയിലേക്ക് മടങ്ങിയപ്പോള്‍ പ്രകോപിതനായ ഉടമ പിന്നാലെ ചെന്ന് കത്തിയെടുത്ത് കൈത്തണ്ടയില്‍ വെട്ടുകയായിരുന്നു. ആഴത്തിലുള്ള മുറിവേറ്റതിനെ തുടര്‍ന്ന് ഇയാള്‍ അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
സംഭവത്തില്‍ അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.






