കോട്ടയം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയില്‍ ട്രെൻഡിംഗായിരുന്ന വറ്റ മീനിന്റെ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് താല്‍ക്കാലിക ആശ്വാസമായെങ്കിലും, വർക്കലയില്‍ നിന്നുള്ള ഭക്ഷ്യവിഷബാധ വാർത്തകള്‍ വിപണിയെ കടുത്ത ആശങ്കയിലാക്കുന്നു.
കുറഞ്ഞ വിലയില്‍ ആവശ്യത്തിന് മീൻ ലഭ്യമായതോടെ വിപണി ഉണർന്നിരുന്നെങ്കിലും, മത്സ്യം കഴിച്ചതിനെ തുടർന്ന് ആളുകള്‍ ആശുപത്രിയിലായ സംഭവം വറ്റ വാങ്ങുന്നതില്‍ നിന്ന് ജനങ്ങളെ പിന്നോട്ടടിക്കുകയാണെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കിലോയ്ക്ക് 700 രൂപ വരെ വിലയുണ്ടായിരുന്ന വറ്റ മീൻ, നിലവില്‍ 400 രൂപയ്ക്കാണ് ചില്ലറ വിപണിയില്‍ വിറ്റഴിക്കപ്പെടുന്നത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ 300 രൂപയോളമാണ് കിലോയ്ക്ക് കുറഞ്ഞത്. സമീപ ദിവസങ്ങളില്‍ കടലില്‍ പോയ വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും വൻതോതില്‍ വറ്റ മീൻ ലഭ്യമായതാണ് വില കുത്തനെ ഇടിയാൻ കാരണം.
വിപണിയിലെത്തുന്നവയില്‍ ഭൂരിഭാഗവും 15 മുതല്‍ 20 കിലോ വരെ തൂക്കമുള്ള വലിയ വറ്റ മീനുകളാണ്. വില കുറഞ്ഞതോടെ റോഡരികിലെ തട്ടുകടകളിലും സാധാരണ ഹോട്ടലുകളിലും വറ്റ വിഭവങ്ങള്‍ സുലഭമായി ലഭ്യമായിരുന്നു.
വിലക്കുറവിന്റെ ആശ്വാസത്തിനിടയിലാണ് വർക്കല വെട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിന്ന് ആശങ്കാജനകമായ വാർത്ത പുറത്തുവരുന്നത്. വറ്റ മത്സ്യം വാങ്ങി പാചകം ചെയ്തു കഴിച്ചതിനെ തുടർന്ന് 27 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു എന്നാണ് റിപ്പോർട്ടുകള്‍. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ് എന്നും പറയപ്പെടുന്നു.
കോട്ടയം അടക്കമുള്ള മറ്റ് ജില്ലകളില്‍ നിന്നും വറ്റ മീൻ കഴിച്ച ശേഷം സമാനമായ അസ്വസ്ഥതകള്‍ ഉണ്ടായതായി ചിലർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ലെങ്കിലും ഭക്ഷ്യവിഷബാധ വാർത്തകള്‍ വ്യാപകമായി പ്രചരിച്ചതോടെ വിപണിയില്‍ വറ്റ മീനിന്റെ ആവശ്യക്കാരുടെ എണ്ണത്തില്‍ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിലക്കുറവില്‍ മീൻ ലഭിച്ചപ്പോള്‍ ആളുകള്‍ വറ്റ ധാരാളമായി വാങ്ങിയിരുന്നു. എന്നാല്‍, വിഷബാധ വാർത്ത വന്നതോടെ വറ്റ വാങ്ങാൻ ആളുകള്‍ക്ക് മടിയാണ് എന്നു കച്ചവടക്കാർ പറയുന്നു.
മത്സ്യത്തില്‍ രാസവസ്തുക്കള്‍ കലർന്നതാണോ, അതോ ശാസ്ത്രീയമല്ലാത്ത രീതിയില്‍ സൂക്ഷിച്ചതാണോ വിഷബാധയ്ക്ക് കാരണമായതെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വിഷയത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അടിയന്തര ഇടപെടലും പരിശോധനയും പ്രതീക്ഷിക്കുകയാണ് പൊതുജനങ്ങളും വ്യാപാരികളും.






