കോട്ടയം: ഹൈദരാബാദിൽ 2026 ഒക്ടോബർ 10-ന് നടന്ന ഇന്ത്യൻ സൊസൈറ്റി ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷന്റെ (ഐ.എസ്.ഒ.റ്റി) വാർഷിക സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയതല ക്വിസ് മത്സരത്തിൽ കോട്ടയം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗത്തിലെ സൂപ്പർ സ്പെഷ്യാലിറ്റി പി.ജി. വിദ്യാർഥികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
നെഫ്രോളജി വിഭാഗത്തിലെ ഡോ. അഞ്ജലി കൃഷ്ണാനന്ദൻ, ഡോ. മാഗി വിൻസെന്റ് എന്നിവരടങ്ങിയ സംഘമാണ് ഈ നേട്ടം കൈവരിച്ചത്. അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വൈദ്യശാസ്ത്ര വിജ്ഞാനവും ചികിത്സാരംഗത്തെ നൂതന വികാസങ്ങളും അടിസ്ഥാനമാക്കിയുള്ള ദേശീയതല മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ മെഡിക്കൽ കോളേജ് അധികൃതരും നെഫ്രോളജി വിഭാഗത്തിലെ അധ്യാപകരും അഭിനന്ദിച്ചു.






