തിരുവനന്തപുരം: ആറ്റിങ്ങല്‍ സർക്കാർ ഹോമിയോ ആശുപത്രിയില്‍ നാല് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്കിയ സംഭവത്തില്‍ ജീവനക്കാർക്ക് സസ്പെൻഷൻ.
ആശുപത്രി മെഡിക്കല്‍ ഓഫീസർ ഡോ. അശ്വതി ധർ, നഴ്സിങ് അസിസ്റ്റന്റ് ബി. ലിബി എന്നിവരെയാണ് അന്വേഷണ വിധേയമായി സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം.പി. ബീന ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ ഇന്നലെ ആരോഗ്യമന്ത്രിക്കുള്‍പ്പടെ കുടുംബം പരാതി നല്‍കിയിരുന്നു.
തുടർന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയില്‍ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.
ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ വിശദമായ വകുപ്പുതല അന്വേഷണം നടക്കുമെന്ന് അധികൃതർ അറിയിച്ചു. മുഖത്തു കുരുക്കള്‍ വന്ന പാട് മാറ്റുന്നതിനായി ആറ്റിങ്ങല്‍ ഗവ.ഹോമിയോപ്പതി ആശുപത്രിയില്‍ ചികിത്സ തേടിയ 4 വയസുകാരിക്കാണ് കാലാവധി കഴിഞ്ഞ മരുന്നു നല്‍കിയത്. പഴകിയ മരുന്ന് കുഞ്ഞിന്റെ മുഖത്ത് പുരട്ടിയതോടെ ചൊറിച്ചില്‍ ആരംഭിച്ചെന്നും പൊള്ളലേറ്റതു പോലെ പൊട്ടിയൊലിക്കുന്ന സ്ഥിതയായെന്നും മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി അന്വേഷണം നടത്തിയാണ് നടപടിയെടുത്തത്. കല്ലമ്പലം കടുവയില്‍ പള്ളിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന തൃശൂർ സ്വദേശികളായ ദമ്പതികളുടെ മകള്‍ക്കാണ് ദുരവസ്ഥയുണ്ടായത്. മാർച്ച് മാസം കാലാവധി അവസാനിച്ച മരുന്നാണ് നല്‍കിയത്. കാലപ്പഴക്കം വന്ന മരുന്നുകള്‍ നിർമാർജനം ചെയ്യാൻ മാറ്റിവച്ചിരുന്നതായും ഇതില്‍ നിന്ന് ആരോ സ്റ്റാൻഡില്‍ എടുത്തുവച്ചതാകാമെന്നുമാണ് അധികൃതർ പറയുന്നത്.






