തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച വാടക ഹെലികോപ്റ്ററിനായി ചിപ്സണ്‍ ഏവിയേഷന്‍ കമ്പനിയുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
ലോകായുക്തയിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് (ഡിജിപി) സര്‍ക്കാരിന്റെ ഈ നിര്‍ണായക നിലപാട് അറിയിച്ചത്.
മുഖ്യമന്ത്രി മലപ്പുറത്തേക്ക് ഹെലികോപ്റ്ററില്‍ യാത്ര ചെയ്തത് വ്യക്തിപരമായ കാര്യങ്ങള്ക്കല്ലെന്ന് കെ.എം. ഷാജഹാന് നല്കിയ ഹര്‍ജിയില്‍ ഡിജിപി വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കുന്നത് ലോകായുക്ത നവംബര്‍ മൂന്നിലേക്ക് മാറ്റി. അതേസമയം, ഹെലികോപ്റ്റര്‍ ഉപയോഗവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സമര്‍പ്പിക്കപ്പെട്ടിരുന്ന മറ്റൊരു ഹര്‍ജി ലോകായുക്ത തള്ളി.
വാടക ഹെലികോപ്റ്റര്‍ ഉപയോഗം വലിയ രീതിയിലുള്ള സാമ്പത്തിക ധൂര്‍ത്താണെന്ന ആക്ഷേപം പ്രതിപക്ഷം തുടക്കം മുതല്‍ ഉന്നയിച്ചിരുന്നു. ആദ്യം പവന് ഹന്‍സുമായി കരാറിലേര്‍പ്പെട്ട സര്‍ക്കാര്‍, പിന്നീട് ചിപ്സണ്‍ ഏവിയേഷന്‍ ചുമതല കൈമാറുകയായിരുന്നു.
നിലവിലെ വ്യവസ്ഥയനുസരിച്ച് മാസം 25 മണിക്കൂര്‍ പറക്കലിന് 80 ലക്ഷം രൂപയാണ് വാടകയായി നല്‍കേണ്ടിയിരുന്നത്. ഹെലികോപ്റ്റര്‍ പറപ്പിച്ചാലും ഇല്ലെങ്കിലും ഈ തുക നല്‍കണം. ഇതിനു പുറമെ അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നല്‍കേണ്ടതുമുണ്ടായിരുന്നു.
കരാര്‍ കാലാവധി തീര്‍ന്നപ്പോള്‍ വീണ്ടും പുതിയ ടെന്‍ഡറിലേക്ക് പോയാല്‍ നിരക്ക് ഉയരുമെന്നും അതിനാല്‍ ചിപ്സണുമായുള്ള കരാര്‍ തുടരുന്നതാണ് അഭികാമ്യമെന്നും ഡിജിപി മുന്‍പ് ശുപാര്‍ശ നല്‍കിയിരുന്നു. കൂടാതെ, കരാര്‍ അവസാനിച്ച സാഹചര്യത്തില്‍ ആവശ്യാനുസരണം മണിക്കൂറിന് 4 ലക്ഷം രൂപ നിരക്കില്‍ സേവനം നല്‍കാമെന്ന ശുപാര്‍ശ ചിപ്സണ്‍ ഏവിയേഷന്‍ കമ്പനിയും മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഈ കരാറുകളൊന്നും തുടരേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.






