പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍നിന്ന് രോഗിക്ക് നല്കിയ ഗുളിക പൊട്ടിച്ചപ്പോള്‍ കുഴമ്പുരൂപത്തിലായിരുന്നെന്ന് പരാതി. ഇലന്തൂര്‍ സ്വദേശി സുനില്‍ കുമാറാണ് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയത്.
കഴിഞ്ഞ 27ന് ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് സുനില്‍ കുമാര്‍ ജനറല്‍ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടിരുന്നു. ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ ആശുപത്രി ഫാര്‍മസിയില്‍ നിന്നാണ് വാങ്ങിയത്. ഇതില്‍ ഒരു ഗുളിക കഴിച്ചശേഷം ബാക്കിയുള്ളവ സൂക്ഷിച്ചുവയ്ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മറ്റൊരു ഗുളിക കഴിക്കുന്നതിനായി അലുമിനിയം ഫോയില്‍ കീറിയപ്പോഴാണ് ഗുളിക കുഴമ്പുരൂപത്തിലായതായി കണ്ടതെന്നാണ് സുനില്‍ കുമാറിന്റെ ആരോപണം. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ ഗുളിക സംബന്ധിച്ച പരാതിയില്‍ കഴമ്പില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഗുളിക ശരിയായ രീതിയില്‍ സൂക്ഷിക്കാതിരുന്നതാകാം കുഴമ്പുരൂപത്തിലാകാന് കാരണമെന്നും അധികൃതര്‍ പറഞ്ഞു.
2027 വരെ കാലാവധിയുള്ള ബാച്ചിലെ ഗുളികകള്‍ നിരവധി രോഗികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഇതുവരെ മറ്റാരും പരാതി ഉന്നയിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ശരിയായ രീതിയില്‍ ഗുളിക സൂക്ഷിച്ചിരുന്നെങ്കില്‍ ഇത്തരത്തില്‍ സംഭവിക്കില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.






