കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ പുതിയ സർജിക്കല്‍ ബ്ലോക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതര ആരോപണങ്ങളില്‍ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതോടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള മറ്റു നിർമ്മാണ പ്രവർത്തനങ്ങളും പ്രതിസന്ധിയിലായി.
കിഫ്ബി ഫണ്ടുപയോഗിച്ച് 270 കോടി രൂപ ചെലവിലാണ് സർജിക്കല്‍ ബ്ലോക്കിന്റെ നിർമാണം.
നിർമ്മാണത്തിലെ ക്രമക്കേടുകള്‍, സാങ്കേതിക പിഴവുകള്‍, പ്രവൃത്തി നിർവഹണത്തിലെയും മേല്‍നോട്ടത്തിലെയും വീഴ്ചകള്‍, സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവ സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യ മന്ത്രി കെ.മുരളീധരൻ കത്തു നല്‍കിയിരുന്നു. കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സാങ്കേതിക സമിതിയെ നിയോഗിച്ച് പരിശോധന നടത്താൻ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോടും മന്ത്രി ആവശ്യപ്പെട്ടതോടെ വിവിധ നിർമ്മാണ പ്രവർത്തനങ്ങള്‍ തുടർഫണ്ട് ലഭിക്കാത്ത സാഹചര്യമുണ്ടായേക്കും. നിലവിലെ നിർമ്മാണ പ്രവർത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കിയേക്കും..
ആവർത്തിച്ചുണ്ടായ പ്രശ്നങ്ങള്‍
2026 ഫെബ്രുവരി 16നാണ് പുതിയ സർജിക്കല്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്. മാസങ്ങള്‍ക്കുള്ളില്‍ കെട്ടിടത്തിലെ സീലിംഗ് പലതവണ തകർന്നുവീണത് വലിയ ആശങ്കയ്ക്കിടയാക്കി.കെട്ടിടത്തിന്റെ സിവില്‍, പ്ലംബിംഗ്, ഇലക്ട്രിക്കല്‍ ജോലികളിലും ഗുരുതരമായ അപാകതകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിർമാണച്ചുമതല ജതാൻ കണ്‍സ്ട്രക്ഷനാണ് നല്‍കിയിരുന്നതെങ്കിലും കരാർ വ്യവസ്ഥകള്‍ പാലിച്ചിരുന്നോ, ഉപകരാർ നല്കുന്നതില് ചട്ടലംഘനങ്ങളുണ്ടായോ, നിർമാണപ്രവൃത്തികളുടെ നിർവഹണത്തിലും മേല്‍നോട്ടത്തിലും വീഴ്ചകളുണ്ടായോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും.
കിഫ്ബി കാലതാമസം
കിഫ്ബി ഫണ്ടുപയോഗിച്ചു വിവിധ നിർമ്മാണ പ്രവർത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത്. വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി ഇവയും പരിശോധിക്കപ്പെടുമെന്നതിനാല് പൂർത്തീകരണത്തിന് ഏറെ കാലതാമസമെടുത്തേക്കും.
270 കോടി ചെലവഴിച്ച സർജിക്കല്‍ ബ്ലോക്ക് മാസങ്ങള്‍ക്കകം തകർച്ചയിലായത് പകല്‍ക്കൊള്ളയുടെ തെളിവാണ്. മറ്റു നിർമ്മാണങ്ങളും പരിശോധിക്കണം. വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് നാട്ടകം സുരേഷ് എം എൽ എ പറയുന്നു.






