കുമരകം : സംസ്ഥാന മത്സ്യമായ കരിമീന്‍ സമാനമായ രുചികരമായ ഒരു മത്സ്യമാണ് കല്ലട . കുമരകം വടക്കും ഭാഗത്ത് തരിശു നെൽപാടത്ത് ചൂണ്ടയിട്ട ചക്രംപടി മാളേയ്ക്കൽച്ചിറ അജീഷ് മാത്യുവിന് ഇന്നലെ ലഭിച്ച ഒരു കല്ലടക്ക് സ്വർണ്ണ നിറമായിരുന്നു. തന്നെ ഭാഗ്യദേവത കടക്ഷിച്ചതാണെന്നും ചൂണ്ടയിൽ കരുങ്ങിയത് യഥാർത്ഥ സ്വർണമാണോ എന്നായിരുന്നു അജീഷിൻ്റെ പെട്ടന്നുള്ള തോന്നൽ. എന്നാൽ കല്ലട കരയിൽ കിടന്ന് പിടയ്ക്കാൻ തുടങ്ങിയപ്പോഴാണ് മീനാണെന്ന തിരിച്ചറിവുണ്ടായത്. സാധാരണ ധാരാളം മീനുകൾ അജീഷിൻ്റെ ചൂണ്ടയിൽ കുരുങ്ങാറുണ്ടായിരുന്നെങ്കിലും സ്വർണ്ണ കല്ലട ലഭിച്ചത് ഇതാദ്യം.
ഈ മീനിൻ്റെ ശാസ്ത്രീയനാമം അനബാസ് ടെസ്റ്റൂഡിനിയസ് എന്നാണ്. കുട്ടനാടൻ ജലാശയങ്ങളിൽ സാധാരണ കാണപ്പെടുന്ന കല്ലടക്ക് തവിട്ടു നിറവും, പച്ച കലർന്ന തവിട്ട്, കറുപ്പു കലർന്ന തവിട്ട് ചാരനിറം, ഇരുണ്ടപച്ചനിറം എന്നിങ്ങനെയുള്ള നിറങ്ങളാണ് പൊതുവേ കാണപ്പെടുന്നത് . കരിപ്പിടി, കാരൂപ്പ്, കല്ലുരുട്ടി ,കരിക്കണ്ണി, ഉണ്ടൊള്ളി ,കരുവത്തി, കൈതക്കോര എന്നി പേരുകളിൽ സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ അറിയപ്പെടുന്ന കല്ലട എന്ന ഈ മത്സ്യത്തിന് ജനിതകമാറ്റം സംഭവിച്ചതാകാമെന്ന് പ്രമുഖ ശാസ്ത്രഞ്ജനും, കുമരകം കാർഷിക ഗവേഷണകേന്ദ്രം മുൻ മേധാവിയുമായിരുന്ന ഡോ :കെ. ജി. പദ്മകുമാർ പറഞ്ഞു. സ്വർണ്ണ നിറമുള്ള പല മത്സ്യങ്ങൾ ഉണ്ടെങ്കിലും സ്വർണ്ണ കല്ലട സംസ്ഥാനത്ത് കണ്ടെത്തിയത് ഇതാദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.






