വടകര: വടകര എംഡിഎംഎ കേസിൽ റിമാൻഡിലായ കീർത്തന മാധ്യമങ്ങൾക്കുമുൻപാകെ പൊട്ടിത്തെറിച്ചു. ''എന്റെ രണ്ട് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റും നിങ്ങൾ പരിശോധിച്ചോ, രണ്ടിലും ലോൺ അടവ് മൈനസാണ്...
അന്വേഷണോദ്യോഗസ്ഥർ പറയുന്നതെല്ലാം സത്യമല്ല... മാധ്യമങ്ങളും സത്യം അറിയണം... എനിക്കിതിൽ പങ്കില്ല... എംഡിഎംഎ കൊടുത്തിട്ടില്ല... ഞാനൊരു അധ്യാപികയാണ്, ആൺകുട്ടിയുടെ അമ്മയാണ്...'' -രോഷാകുലയായി കീർത്തന പറഞ്ഞു.
കീർത്തനയുടെ വാദം തള്ളുന്നതായിരുന്നു പോലീസിന്റെ കണ്ടെത്തൽ.എൻ.ഡി.പി.എസ്. കേസിലുൾപ്പെട്ട പ്രതികളുമായി ലക്ഷക്കണക്കിന് രൂപയുടെ ഗൂഗിൾ പേ ഇടപാട് നടത്തിയെന്ന് അന്വേഷണസംഘം കോടതിയിൽ.
കീർത്തനയെ കസ്റ്റഡിയിൽ കിട്ടാൻ വടകര എൻ.ഡി.പി.എസ്. കോടതിയിൽ നൽകിയ ഹർജിയിലാണ് അന്വേഷണസംഘം ഇക്കാര്യം വ്യക്തമാക്കിയത്.
കേസിലെ ഒന്നാം പ്രതി സഫ്വാനിൽനിന്ന് കീർത്തന പണം സ്വീകരിച്ചിട്ടുണ്ട്. കൂടാതെ കാവ്യ, നീഷ്മ, ജിജിൽ എന്നിവർക്കും മറ്റും പണം അയച്ചുകൊടുത്തിട്ടുമുണ്ട്.
കീർത്തനയുടെ ഫോൺ പരിശോധിച്ചപ്പോൾ എൻ.ഡി.പി.എസ്. കേസിൽപെട്ട പ്രതികളുമായി അടുത്തബന്ധം പുലർത്തുന്നതായ ഫോട്ടോകളും ലഹരി ഇടപാടുസംബന്ധിച്ച ചാറ്റുകളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി.






