കല്‍പ്പറ്റ : വയനാട് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട ഹാന്‍ഡ് ബാഗില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ബാഗ് ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കല്‍പ്പറ്റ പൊലീസും ചേര്‍ന്ന് പിടികൂടി. കോഴിക്കോട് കുറ്റ്യാടി തളിയില്‍ ചെറുവേരി വീട്ടില്‍ മുഹമ്മദ് ഇജാസ് ബഷീര്‍(28) നെയാണ് പൊലീസ് പിടികൂടിയത്.
ഉപേക്ഷിച്ച ഹാന്‍ഡ് ബാഗില്‍ നിന്ന് 0.42 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. മുഹമ്മദ് ഇജാസ് ബഷീറിനെതിരെ തൊണ്ടര്‍നാട് കുറ്റ്യാടി സ്റ്റേഷനുകളില്‍ ലഹരിക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. 2026 ഒക്ടോബര്‍ രണ്ടിന് രാത്രിയോടെയാണ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരു ഹാന്‍ഡ് ബാഗ് കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ബാഗിനുള്ളിൽ നിന്നും എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചുള്ള അന്വേഷണത്തിനൊടുവിൽ ഇജാസ് ബഷീറിലേക്കാണ് പൊലീസ് എത്തിയത്. തുടര്‍ന്ന് നവംബര്‍ 24ന് എസ്ഐമാരായ സന്തോഷ്കുമാര്‍, രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു. എന്നാല്‍ അറസ്റ്റ് സംബന്ധിച്ച കാര്യം ഇന്നലെയാണ് പൊലീസ് പുറത്തുവിട്ടത്.






