കോഴിക്കോട്: മൈസൂരു- ബംഗളൂരു ദേശീയപാതയിലെ മണ്ഡ്യയിൽ കാർ ടിപ്പർ ലോറിയിലിടിച്ച് രണ്ട് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
കോഴിക്കോട് മാത്തോട്ടം അരക്കിണർ എടക്കണ്ടിപറമ്പ് പുത്തൻപുരയിൽ വീട്ടിൽ പരേതനായ അബ്ദുൾ നാസറിന്റെയും ജസീനയുടെയും മകൻ കെ. ബാസിൽ മുഹമ്മദലി (22), കണ്ണൂർ അഞ്ചരക്കണ്ടി മുഴപ്പാല മാമ്പ പെരുമ്പ്രയിൽ സി. ഷാഫി-ശബാന ദമ്പതികളുടെ മകൾ എം.ഷഫ്ന (22) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോഴിക്കോട് നല്ലളം അരീക്കാട് ഉറവൻകുളം നിയാസ് നിവാസിൽ പി.പി. നിയാസിന്റെ മകൻ പി.പി. ലിഫായിൻ മുഹമ്മദ് നിയാസിനെ (21) ഗുരുതര പരിക്കുകളോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ഡ്യ ഇന്ദുവാലുവിൽ ഇന്നലെ രാവിലെ 10.45നായിരുന്നു അപകടം. മൈസൂരുവിലേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് നിറുത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. പരിശോധനയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈകാണിച്ചപ്പോൾ ടിപ്പർ പെട്ടെന്ന് നിറുത്തിയപ്പോൾ ജീപ്പ് ടിപ്പറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദലിയും ഷഫ്നയും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഷഫ്ന കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്. ഷഹന, ഷസിൽ എന്നിവർ സഹോദരിമാരാണ്. അഡ്വ. ഹലീന ഹെബ, അലി നബുഹാൻ എന്നിവരാണ് മുഹമ്മദലിയുടെ സഹോദരങ്ങൾ. മാണ്ഡ്യ റൂറൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ മണ്ഡ്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. എ.ഐ.കെ.എം.സി.സി മാണ്ഡ്യ, മൈസൂരു ഘടകം പ്രവർത്തകരുടെ നേതൃത്വത്തിലാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റുന്നതടക്കമുള്ളവ ചെയ്തത്






