കൊച്ചി: സിഎംആർഎല്‍ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിക്കുന്ന നിലപാടുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) കണ്ടെത്തലുകള്‍ കേസെടുക്കാൻ പര്യാപ്തമല്ലാത്തതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം, കേസെടുക്കാൻ ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ അനുവദിക്കാൻ ഡിവിഷൻ ബെഞ്ച് തയ്യാറായില്ല. വിധിയില്ലാതെ തന്നെ വിജിലൻസിന് ഗുരുതര കുറ്റകൃത്യങ്ങളില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തടയാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പിണറായി വിജയൻ ഉള്‍പ്പെടെയുള്ളവർ നല്കിയ അപ്പീല്‍ ഹർജിയില്‍ വാദം പൂർത്തിയാക്കിയ ഡിവിഷൻ ബെഞ്ച് ഹർജി വിധി പറയാനായി മാറ്റി.
കേസില്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെയാണോ സർക്കാർ പിന്തുണയ്ക്കുന്നത് എന്ന് കോടതി ആരാഞ്ഞു. ഇതിന് പ്രാഥമിക അന്വേഷണം നടത്തണമെന്ന നിലപാടാണ് ഉള്ളതെന്ന് എജി വ്യക്തമാക്കിയതോടെ, എന്തുകൊണ്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരുന്നതെന്നും, ഉത്തരവ് സർക്കാരിന് എതിരായിട്ടും എന്തുകൊണ്ട് അപ്പീല്‍ നല്‍കിയില്ലെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു.






