തിരുവനന്തപുരം: കേരള കോണ്ഗ്രസ് (സ്കറിയ) നേതാവ് കോരാണി സനിലിന്റെ മരണത്തില് ദുരൂഹതയെന്ന് കണ്ടെത്തിയതിനെ തുടർന്ന് മകൻ ബാലഗോപാലിനെ (34) ആറ്റിങ്ങല് പൊലീസ് അറസ്റ്റ് ചെയ്തു.
മർദനമേറ്റതാണ് സനിലിന്റെ (65) മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്. ഒരാഴ്ച മുമ്പ് കട്ടിലില്നിന്ന് വീണ് പരിക്കേറ്റെന്നു പറഞ്ഞാണ് സനിലിനെ തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം.
സംഭവത്തില് സ്പെഷ്യല് ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സനിലിന്റെ മരണത്തിന് പിന്നില് മർദനമാണെന്ന വിവരം പുറത്തുവന്നത്. ആറ്റിങ്ങല് പാലസ് റോഡിലെ ശ്രീലക്ഷ്മി എന്ന വീട്ടില് വാടകയ്ക്കായിരുന്നു സനിലും മകൻ ബാലഗോപാലും താമസിച്ചിരുന്നത്.
ഒരാഴ്ച മുമ്പ് വീട്ടില് സനിലിനെ അബോധാവസ്ഥയില് കണ്ടെത്തിയ ജോലിക്കാരി വിവരം അറിയിച്ചതിനെത്തുടർന്ന് സുഹൃത്തുക്കളാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. താമസസ്ഥലത്ത് വീണ് ഗുരുതരമായി പരിക്കേറ്റെന്നായിരുന്നു ആശുപത്രിയില് നല്കിയ വിവരം. എന്നാല്, മരണത്തില് സംശയം തോന്നിയ സനില് അംഗമായിരുന്ന ഹോട്ടല് അസോസിയേഷനിലെ പ്രവർത്തകർ നേരിട്ടെത്തി ആറ്റിങ്ങല് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും വീട്ടുജോലിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയും ചെയ്തു. അന്വേഷണത്തിനൊടുവിലാണ് മകൻ ബാലഗോപാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആശുപത്രിയില് മകന് ബാലഗോപാലായിരുന്നു സനിലിനു കൂട്ടിരുന്നത്. സനില് മരിച്ചെന്ന വിവരം ലഭിച്ചയുടന് പൊലീസ് ആശുപത്രിയിലെത്തി ബാലഗോപാലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മര്ദനത്തെ തുടര്ന്നുണ്ടായ പരിക്കുകളാണു മരണകാരണമെന്നു പോസ്റ്റുമോര്ട്ടത്തില് മനസിലായതോടെ ബാലഗോപാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൊബൈല് ഫോണ് റീചാര്ജ് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്ക്കത്തെ തുടര്ന്നാണു മര്ദിച്ചതെന്നാണ് സൂചനയെന്നു പൊലീസ് പറഞ്ഞു. തലയുടെ വലതു വശത്ത് ഗുരുതരമായി പരുക്കേറ്റിരുന്നു. 5 വാരിയെല്ലുകള് പൊട്ടിയിരുന്നതായും കഴുത്തിനു പരുക്കേറ്റതായും പോസ്റ്റ്മോര്ട്ടം നടത്തിയ ഡോക്ടര്മാര് അറിയിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് താമസസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി. കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.






