തിരുവനന്തപുരം: ദിവസവും കൃത്യമായി വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്യുന്ന പലരും അകാലത്തില്‍ മരിച്ചുപോകുമ്പോള്‍, യാതൊരു ചിട്ടയുമില്ലാതെ പുകവലിയും മദ്യപാനവുമായി നടക്കുന്ന ചിലർ നൂറു വയസ്സുവരെ ജീവിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും.
ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിനുള്ള ഉത്തരം ഇപ്പോള്‍ ശാസ്ത്രം കണ്ടെത്തിയിരിക്കുകയാണ്. പ്രശസ്ത ശാസ്ത്ര മാസികയായ 'സയൻസില്‍' പ്രസിദ്ധീകരിച്ച പുതിയ പഠനറിപ്പോർട്ടാണ് മനുഷ്യന്റെ ആയുസ്സിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ആയുസ്സിന്റെ രഹസ്യം പ്രധാനമായും ഒളിഞ്ഞിരിക്കുന്നത് ജീനുകളിലാണ്.
ഇസ്രായേലിലെ വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ നടത്തിയ പഠനമനുസരിച്ച്, ഒരു വ്യക്തി എത്ര കാലം ജീവിക്കും എന്ന് തീരുമാനിക്കുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്നത് അവരുടെ ജനിതക ഘടനയാണ്. മുൻപ് കരുതിയിരുന്നത് മനുഷ്യന്റെ ആയുസ്സിന്റെ 10 മുതല്‍ 25 ശതമാനം വരെ മാത്രമേ ജീനുകള്‍ സ്വാധീനിക്കുന്നുള്ളൂ എന്നാണ്. എന്നാല്‍ പുതിയ കണ്ടെത്തലുകള്‍ പ്രകാരം അപകടങ്ങള്‍, പകർച്ചവ്യാധികള്‍ തുടങ്ങിയ ബാഹ്യകാരണങ്ങള്‍ ഒഴിവാക്കിയാല്‍, നമ്മുടെ ആയുസ്സിന്റെ 55 ശതമാനവും തീരുമാനിക്കുന്നത് ജനിതക ഘടനയാണെന്ന് തെളിഞ്ഞിരിക്കുന്നു. ചില മനുഷ്യരുടെ ശരീരത്തില്‍
വാർധക്യത്തെ മന്ദഗതിയിലാക്കുന്ന അപൂർവ്വ ജീനുകളുണ്ട്. കാൻസർ, ഹൃദ്രോഗം, അല്‍ഷിമേഴ്സ് തുടങ്ങിയ വാർധക്യസഹജമായ രോഗങ്ങളെ ചെറുക്കാൻ ഈ പ്രത്യേക ജീനുകള്‍ക്ക് കഴിയും. അതുകൊണ്ടാണ് ജീവിതകാലം മുഴുവൻ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്താല്‍ പോലും ഇത്തരക്കാർക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാതെ 100 വയസ്സിലധികം ജീവിക്കാൻ സാധിക്കുന്നത്.
ജീനുകളാണ് ആയുസ്സ് തീരുമാനിക്കുന്നതെങ്കില്‍ പിന്നെ എന്തിനാണ് നമ്മള് കഷ്ടപ്പെട്ട് വ്യായാമം ചെയ്യുന്നത് എന്ന് ചിന്തിക്കാൻ വരട്ടെ. ഈ പഠനം പറയുന്നത് ആരോഗ്യകരമായ ജീവിതശൈലി വേണ്ടെന്നല്ല. നിങ്ങളുടെ ജനിതക ഘടനയ്ക്ക് പരമാവധി 80 വയസ്സുവരെ ജീവിക്കാനുള്ള ശേഷിയേ ഉള്ളൂ എങ്കില്‍, മികച്ച ജീവിതശൈലിയിലൂടെ നിങ്ങള്‍ക്ക് ആ പ്രായം വരെ ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കും. നല്ല ഭക്ഷണവും വ്യായാമവും മതിയായ ഉറക്കവും നമ്മുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും നേരത്തെയുള്ള മരണം ഒഴിവാക്കുകയും ചെയ്യും. ചുരുക്കത്തില്‍, 80-85 വയസ്സുവരെ ജീവിക്കാൻ മികച്ച ജീവിതശൈലി സഹായിക്കും, എന്നാല്‍ 100 വയസ്സിലേക്കും അതിനുമുകളിലേക്കും എത്തുന്നവരുടെ ദീർഘായുസ്സ് അവരുടെ ജീനുകളുടെ മാത്രം പ്രത്യേകതയാണ്.
ഈ പഠനറിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇന്ത്യൻ ആരോഗ്യവിദഗ്ധരും തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫോർട്ടിസ് സി-ഡോക് ചെയർമാൻ ഡോ. അനൂപ് മിശ്രയുടെ അഭിപ്രായത്തില്‍, ജനിതകമായി എത്ര ഉയർന്ന ആയുസ്സ് ലഭിച്ചാലും ഇന്ത്യയിലെ സാഹചര്യങ്ങള്‍ അതിനെ ഇല്ലാതാക്കാൻ സാധ്യതയുണ്ട്. മോശം പോഷകാഹാരം, രൂക്ഷമായ വായുമലിനീകരണം,
വർധിച്ചുവരുന്ന പ്രമേഹം, അമിതവണ്ണം എന്നിവ ജനിതകമായ ഗുണങ്ങളെ മറികടക്കുകയും മനുഷ്യരെ വേഗത്തില്‍ വാർധക്യത്തിലേക്ക് നയിക്കുകയും ചെയ്യും. മാക്സ് ഹെല്‍ത്ത്കെയറിലെ എൻഡോക്രൈനോളജി വിഭാഗം ഗ്രൂപ്പ് ചെയർമാൻ ഡോ. അംബരീഷ് മിത്തല്‍ പറയുന്നതനുസരിച്ച്, ജീനുകള്‍ നമുക്ക് എത്ര കാലം ജീവിക്കാം എന്നതിന്റെ ഒരു പരിധി നിശ്ചയിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ ചുറ്റുപാടും ജീവിതശൈലിയുമാണ് ആ പരിധി വരെ നമ്മളെ എത്തിക്കുന്നതില്‍ നിർണായക പങ്ക് വഹിക്കുന്നത്.






