ഇംഫാൽ: മണിപ്പൂരിൽ സമാധാന അന്തരീക്ഷം തകർത്ത് വീണ്ടും ഉണ്ടായ വിവിധ അക്രമങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടു. പങ്ങൽ, ഖമൻലോക്ക് എന്നീ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലും ഇന്ന് പുലർച്ചെയുമായാണ് വെടിവെപ്പും അക്രമ സംഭവങ്ങളും ഉണ്ടായത്. കിഴക്കൻ ഇംഫാൽ മേഖലയിലെ ഖമൻലോക്കിൽ വിറക് ശേഖരിക്കാൻ പോയവർക്ക് നേരെ ആയുധധാരികളായ കുക്കികൾ നടത്തിയ ആക്രമണത്തിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. അരുബാം റോണിൽ, ലെയ്റെൻലക്പാം ഇനാബോബി, ക്ഷേത്രിമയും സുശീൽ എന്നിവരാണ് ഇവിടെ കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിറക് ശേഖരിക്കാൻ പോകുന്നവർക്ക് അസം റൈഫിൾസ് സുരക്ഷ ഉറപ്പ് നൽകിയിരുന്നതായി പ്രാദേശിക എംഎൽഎ തോക്ചോം ലോകേശ്വർ സിങ് ചൂണ്ടിക്കാണിച്ചു. പ്രദേശത്ത് സൈനിക ക്യാമ്പ് ഉടൻ സ്ഥാപിക്കണമെന്നും അധികാരികളുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ് രാജ് മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി യുമ്നം ബിരേൻ സിങ് സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.
അതേസമയം, പങ്ങലിൽ മെയ്തീകൾ പങ്കെടുത്ത പ്രാദേശിക സംഗീത പരിപാടിക്കിടെ ഉണ്ടായ വെടിവെപ്പിലാണ് മറ്റൊരാൾ കൊല്ലപ്പെട്ടത്. ആൾക്കൂട്ടത്തിന് നേരെയുണ്ടായ ഈ വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ഗുരുതരമായി പരിക്കേറ്റ 24കാരന്റെ ജീവൻ നഷ്ടപ്പെടുകയുമായിരുന്നു. അക്രമങ്ങൾക്ക് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഘർഷസാഹചര്യം അമർച്ച ചെയ്യാൻ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് കൊല്ലപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങളുമായി നാട്ടുകാർ മുഖ്യമന്ത്രിയുടെ വസതിക്ക് മുൻപിൽ വൻ പ്രതിഷേധം നടത്തി. പിന്നാലെ പോലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ ഇവിടെ നിന്നും തിരിച്ചുവിട്ടത്.






