ഗുവാഹത്തി : റോഡ് സൈഡിലെ ഓടയില്‍ വീണ യുവാവിനെ നാല് ദിവസങ്ങള്‍ക്ക് ശേഷം ജീവനോടെ പുറത്തെത്തിച്ചു. അസമിലെ ഗുവാഹത്തിയില്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം. ഗുവാഹത്തി ആര്‍ബിഐയ്ക്ക് സമീപത്തുള്ള തിരക്കുള്ള പ്രദേശത്തെ ഓടയ്ക്കടിയില്‍ നിന്ന് ചിലര്‍ ഒരു നിലവിളി കേട്ടതിനാലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.
നിത്യവും നിരവധി ആളുകള്‍ നടന്നുപോകുന്ന വഴിയിലെ ഓടയിലേക്കാണ് യുവാവ് അബദ്ധത്തില്‍ വീണത്. നാല് ദിവസത്തോളം അതിനുള്ളില്‍ യുവാവ് അനുഭവിച്ചത് മരണഭീതിയും വിശപ്പും ദാഹവും അറപ്പുമെല്ലാം ചേര്‍ന്നുള്ള നരകയാതനയാണ്. പ്രതീക്ഷ കൈവിടാതെ യുവാവ് നാലാം ദിനം ഒരു വിധത്തില്‍ ബഹളം വയ്ക്കുകയും നിലവിളിക്കുകയും ചെയ്തു. നടപ്പാതയിലൂടെ നടന്നുകൊണ്ടിരുന്ന ഒരാള്‍ ഇത് കേള്‍ക്കുകയും ഉടനടി ആളുകളെ വിളിച്ച് കൂട്ടുകയുമായിരുന്നു.
കൂട്ടംകൂടിയ ആളുകള്‍ ചേര്‍ന്നാണ് യുവാവിനെ ഒരുവിധം കൈപിടിച്ചുയര്‍ത്തി മുകളിലെത്തിച്ചത്. ഇയാള്‍ നാല് ദിവസമായി എന്തുകൊണ്ട് ആളുകള്‍ ഈ സംഭവം അറിഞ്ഞില്ലെന്നും എങ്ങനെയാണ് യുവാവ് വീണതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇയാള്‍ക്ക് ചികിത്സകള്‍ നല്കി വരികയാണ്.






