ഇടുക്കി: ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ മുന്നോടിയായി കുംകിയാനകളെ നാളെ ചിന്നക്കനാലില്‍ എത്തിക്കും.
കുംകിയാനകളെ എത്തിച്ച ശേഷം കുറച്ചു ദിവസത്തേക്ക് ചക്കക്കൊമ്പനെ നിരീക്ഷിക്കും. തുടർന്നായിരിക്കും ദൗത്യത്തിലേക്ക് കടക്കുക.
മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനാണ് വനംവകുപ്പിന്റെ നീക്കം. വനംവകുപ്പിലെ നാല് വെറ്റനറി സർജന്മാർ, ഹൈറേഞ്ച് ചീഫ് കണ്‍സർവേറ്റർ, മൂന്നാർ ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ദൗത്യം നടക്കുക.
ആനയെ ജനവാസ മേഖലയില്‍ നിന്ന് പിടികൂടി മാറ്റണമെന്ന് ഡീൻ കുര്യാക്കോസ് എംപിയും സേനാപതി വേണു എംഎല്‍എയും ആവശ്യപ്പെട്ടിട്ടുണ്ട്. റേഡിയോ കോളർ ഘടിപ്പിക്കുന്നത് കൊണ്ട് മാത്രം പ്രശ്നപരിഹാരമാകില്ലെന്ന അഭിപ്രായം ശക്തമാണ്.
പ്രതിസന്ധി സൃഷ്ടിക്കുന്ന ആനകളെ മാറ്റണമെന്ന നിലപാടിലാണ് വനംവകുപ്പ് മന്ത്രി. മാറ്റിപ്പാർപ്പിക്കുന്നതിന്റെ ആദ്യപടിയായാണ് റേഡിയോ കോളർ ഘടിപ്പിക്കുന്നതെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു.
അതേസമയം, മൂന്നാറിലെ പടയപ്പയെയും മാറ്റിപ്പാർപ്പിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. വാർദ്ധക്യത്തിലേക്ക് കടന്ന പടയപ്പയെ കോന്നിയിലോ കോടനാട്ടോ ഉള്ള പരിപാലന കേന്ദ്രത്തിലേക്ക് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കാമെന്നും റിപ്പോർട്ടില്‍ പറയുന്നു.
ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും, അരിക്കൊമ്പന് ശേഷം വീണ്ടും ഒരു കാട്ടാന ദൗത്യത്തിന് വേദിയാകുന്നതിന്റെ ആകാംഷയിലാണ് ചിന്നക്കനാല്‍.






