കൊച്ചി: സൈബർ കുറ്റകൃത്യങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, കുറ്റകൃത്യങ്ങള്‍ നടന്നശേഷം അന്വേഷിക്കുന്നതിനുപകരം അവ സംഭവിക്കുന്നതിനുമുമ്പ് ഫലപ്രദമായ പ്രതിരോധം തീർക്കുകയാണ് വേണ്ടതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
2027ഓടെ സമ്പൂർണ സൈബർ പ്രതിരോധ കേരളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തില്‍ കേരള പൊലീസിന്റെ സൈബർ വിഭാഗം രൂപകല്‍പ്പന ചെയ്ത 'ക്ലിക്ക്' (കമ്മ്യൂണിറ്റി ലെഡ് ഇനിഷ്യേറ്റീവ് ഫോർ സൈബർ റെസിലിയന്റ് കേരളം) സൈബർ സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമിതബുദ്ധിയുടെ കാലത്ത് സൈബർ സുരക്ഷ ഉറപ്പാക്കാൻ നൂതന പ്രതിരോധ മാർഗങ്ങള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം 54,000ല്‍ അധികം സൈബർ തട്ടിപ്പ് പരാതികളാണ് രജിസ്റ്റർ ചെയ്തത്. ശക്തമായ പാസ്വേഡുകള് ഉപയോഗിക്കുക, ആപ്പുകള്‍ കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യുക, ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുക, സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിനുമുമ്പ് ജാഗ്രത പാലിക്കുക തുടങ്ങിയ മുൻകരുതലുകളിലൂടെ സൈബർ തട്ടിപ്പുകള്‍ തടയാനാകും. തട്ടിപ്പിന് ഇരയായാല്‍ ഉടൻ 1930 എന്ന സൈബർ ഹെല്പ്ലൈൻ നമ്പറില്‍ വിവരം അറിയിക്കണമെന്നും മന്ത്രി നിർദേശിച്ചു.
നവംബർ മൂന്നുമുതല്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസ് പൂർണമായും ഡിജിറ്റലൈസ് ചെയ്യും. പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമർപ്പിക്കാനും അവയ്ക്ക് ഉടൻ മറുപടി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കഴിയുന്ന സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമായി ഒരുക്കും. പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും പരാതികളുടെ പുരോഗതി നിരീക്ഷിക്കുന്നതിനും സഹായിക്കുന്ന ഡാഷ്ബോർഡും സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചി രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടിയെ കേരള പൊലീസിന്റെ സൈബർ സുരക്ഷാ ക്യാപ്റ്റനായി ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചു. സൈബർ കുറ്റകൃത്യങ്ങള്‍ക്കെതിരെ പുതുതലമുറയിലെ ഓരോരുത്തരും ക്യാപ്റ്റന്മാരായി മാറണമെന്ന് മമ്മൂട്ടി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട 10 വിദ്യാർത്ഥികള്‍ക്ക് മമ്മൂട്ടി ക്ലിക്ക് ക്യാപ്റ്റൻ തൊപ്പി അണിയിച്ചു.
സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ, പൊലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സജി ഗോപിനാഥ്, അമൃത വിശ്വവിദ്യാപീഠം വൈസ് ചാൻസിലർ ഡോക്ടർ പി. വെങ്കട് രംഗൻ, മേയർ അഡ്വ.വി.കെ. മിനി മോള്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആർ. നിശാന്തിനി, സൈബർ ഓപ്പറേഷൻസ് എസ് പി അങ്കിത്ത് അശോകൻ തുടങ്ങിയവർ പങ്കെടുത്തു.






