തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആറ് ദിവസമായി നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന എല്‍ പി എസ് ടി ഉദ്യോഗാർഥി വളർമതിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.
ഡോക്ടർമാർ നടത്തിയ പരിശോധനയില്‍ വളർമതിയുടെ രക്തസമ്മർദ്ദം ഉയർന്ന നിലയിലാണെന്നും പള്‍സ് നിരക്ക് കുറവാണെന്നും കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വിദഗ്ദ്ധ പരിശോധന നടത്തണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടെങ്കിലും വളർമതിയെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടില്‍ സമരക്കാർ ഉറച്ചുനിന്നു. ഇത് പൊലീസും സമരക്കാരും തമ്മില്‍ രൂക്ഷമായ വാക്തർക്കത്തിനും സംഘർഷത്തിനും വഴിവെച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് എ ബി വി പി പ്രവർത്തകർ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് എല്‍ പി എസ് ടി ഉദ്യോഗാർഥികള്‍ അറിയിച്ചു. വളർമതിയെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ സമരക്കാർ ഒന്നടങ്കം നിരാഹാര സമരത്തിലേക്ക് കടക്കുമെന്നും സമരം കൂടുതല്‍ പ്രക്ഷോഭകരമായി തുടരുമെന്നും അവർ പ്രഖ്യാപിച്ചു.






