ഒന്റാറിയോ: കാനഡയിലെ ഒന്റാറിയോയില്‍ മലയാളി യുവതി ഡോണാ സാജന് (29) ദാരുണമായി കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും, പ്രതിയായ ഭര്‍ത്താവ് ലാല്‍ കുന്നപ്പുഴ പൗലോസ് (32) പിടികിട്ടാപ്പുള്ളിയായി തുടരുന്നു. പ്രതിയെ പിടികൂടാനാകാതെ കനേഡിയന്‍ പോലീസും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളും ഇരുട്ടില്‍ തപ്പുകയാണ്.
2024 മേയ് 7-ന് ഒഷാവയിലെ വസതിയിലാണ് ചാലക്കുടി സ്വദേശിനിയായ ഡോണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്തിയ ഉടന്‍ തന്നെ പ്രതി രാജ്യം വിട്ടതാണ് അന്വേഷണസംഘത്തെ വലയ്ക്കുന്നത്.
തങ്ങള്‍ രണ്ടുപേരും ജീവനൊടുക്കാന്‍ പോകുകയാണെന്ന് കാണിച്ച് ലാല്‍ മേയ് 7-ന് രാവിലെ ഡോണയുടെ സഹോദരന് ഡെല്‍ജോയ്ക്ക് അയച്ച ഇമെയില്‍ സന്ദേശമാണ് ദുരന്തം പുറംലോകമറിയിച്ചത്. പരിഭ്രാന്തനായ ഡെല്‍ജോ ഉടന്‍ തന്നെ വിവരം കനേഡിയന്‍ പോലീസിനെ അറിയിച്ചു. പോലീസ് എത്തി പൂട്ടുപൊളിച്ച് അകത്തുകയറുമ്പോള്‍ ഡോണയുടെ മൃതദേഹം ജീവനറ്റ നിലയില്‍ കിടക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പോലീസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെങ്കിലും, ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് കാനഡ ഡര്‍ഹാം റീജിയണല്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
തൃശൂര്‍ ചാലക്കുടി കുട്ടിച്ചിറ സ്വദേശിയായ ലാല്‍ കെ. പൗലോസ്, കൊലപാതകം നടന്ന മേയ് 7-ന് തന്നെ കാനഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാനമാര്‍ഗ്ഗം കടന്നതായാണ് കനേഡിയന്‍ ഏജന്‍സികളുടെ കണ്ടെത്തല്‍. ലാലിനെതിരെ 'ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍' (ആസൂത്രിത കൊലപാതകം) കുറ്റം ചുമത്തി കാനഡയിലുടനീളം അറസ്റ്റ് വാറന്റും ലുക്ക് ഔട്ട് നോട്ടീസും നിലവിലുണ്ട്.
എന്നാല്‍ ഇന്ത്യയില്‍ എത്തിച്ചേര്‍ന്ന പ്രതിക്ക് സാങ്കേതികവും നിയമപരവുമായ തടസ്സങ്ങള്‍ കാരണം രക്ഷപ്പെടാന്‍ സാധിച്ചു എന്നാണ് വിവരം. കാനഡയും ഇന്ത്യയും തമ്മിലുള്ള കുറ്റവാളികളെ കൈമാറുന്ന നടപടികളിലെ (Extradition Treaty) കാലതാമസവും, അന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും പ്രതിക്ക് ഒളിവില്‍ കഴിയാന്‍ സഹായകരമാകുന്നു എന്ന വിമര്‍ശനം ശക്തമാണ്.
സമാനമായ രീതിയില്‍ വിദേശത്ത് നടന്ന കൊലപാതക കേസുകളില്‍ പ്രതികളെ അതിവേഗം നാട്ടില്‍ നിന്ന് പിടികൂടി വിചാരണയ്ക്ക് വിധേയമാക്കിയ ചരിത്രമുള്ളപ്പോഴാണ് ലാലിന്റെ കാര്യത്തില്‍ പോലീസ് അന്വേഷണം നിശ്ചലമായി നില്‍ക്കുന്നത്. ലാല്‍ ഇപ്പോഴും ഇന്ത്യയിലെവിടെയെങ്കിലും വ്യാജ പേരില്‍ ഒളിവില്‍ കഴിയുകയാണോ അതോ മറ്റ് ഏതെങ്കിലും രാജ്യത്തേക്ക് കടന്നോ എന്ന കാര്യത്തില്‍ കാനഡ പോലീസിനും വ്യക്തതയില്ല.
പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇന്ത്യന്‍ ഭരണകൂടവും ആഭ്യന്തര മന്ത്രാലയവും അടിയന്തരമായി ഇടപെടണമെന്ന് ഡോണയുടെ കുടുംബവും കാനഡയിലെ പ്രവാസി മലയാളി സമൂഹവും ആവശ്യപ്പെടുന്നു.






