ഡൽഹി: ഇന്ത്യൻ റെയില്‍വേയില്‍ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം പ്രസിദ്ധീകരിച്ചു.
രാജ്യത്തെ വിവിധ റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡുകളിലായി 3993 ഒഴിവുണ്ട്. ഇതില്‍ 101 ഒഴിവ് തിരുവനന്തപുരം ആർആർബിയിലാണ്. എൻജിനീയറിങ്/ടെക്നോളജി ബിരുദ/ഡിപ്ലോമക്കാർക്കാണ് അവസരം.
അടിസ്ഥാന ശമ്പളം: 35,400 രൂപ പുറമേ മറ്റ് അലവൻസുകളും
യോഗ്യത: മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, സിവില്‍ എന്നിവയിലോ അനുബന്ധവിഷങ്ങളിലോ ഇവയുടെ കോമ്പിനേഷനുകളിലോ നേടിയ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ/ ബിരുദം. അല്ലെങ്കില്‍ ത്രിവത്സര ബി.എസ്സി. (സിവില്‍ എൻജിനീയറിങ്). ഫൈനല്‍ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല.
എൻജിനീയറിങ്/ടെക്നോളജി വിഷയങ്ങള്‍: മെക്കാനിക്കല്‍, പ്രൊഡക്ഷൻ, ഓട്ടോമൊബൈല്‍, മാന്യുഫാക്ചറിങ്, മെക്കാട്രോണിക്സ്, ഇൻഡസ്ട്രിയല്‍, മെഷീനിങ്, ടൂള്‍സ് ആൻഡ് മെഷീനിങ്, ടൂള്‍സ് ആൻഡ് ഡൈ മേക്കിങ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്ട്രോള്, കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, സിവില്‍.
പ്രായം: 18-33 വയസ്. അപേക്ഷകർ 01.01.2009-നുശേഷമോ 02.01.1994-നു മുമ്പോ ജനിച്ചവരായിരിക്കരുത് (രണ്ട് തീയതികളും ഉള്‍പ്പെടെ). ഉയർന്ന പ്രായപരിധിയില്‍ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർ ജനറല്‍-10 വർഷം, എസ്സി / എസ്ടി-15 വർഷം, ഒബിസി (എൻസിഎല്‍)-13 വർഷം എന്നിങ്ങനെയാണ് ഇളവ്. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും. വിധവകള്‍ക്കും പുനർവിവാഹം കഴിക്കാത്ത വിവാഹമോചിതർക്കും 35 വയസുവരെ (എസ്സി/ എസ്ടി-40, ഒബിസി-38) അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടങ്ങളായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി-I, സിബിടി-II), സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കല്‍ പരിശോധന എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. രണ്ടു ഘട്ട പരീക്ഷകളും ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലായിരിക്കും. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളം ഉള്‍പ്പെടെയുള്ള വിവിധ പ്രാദേശിക ഭാഷകളിലും ചോദ്യങ്ങള്‍ ലഭിക്കും.
പരീക്ഷ: ഒന്നാംഘട്ട പരീക്ഷയ്ക്ക് ഒന്നരമണിക്കൂറാണ് സമയം (സ്ക്രൈബിന്റെ സഹായം ആവശ്യമുള്ളവർക്ക് അർഹമായ അധിക സമയം ലഭിക്കും). 100 ചോദ്യങ്ങളുണ്ടാവും. മാത്തമാറ്റിക്സ്, ജനറല്‍ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറല്‍ അവയർനസ്, ജനറല്‍ സയൻസ് എന്നിവയാണ് വിഷയങ്ങള്‍. തെറ്റായ ഉത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ടാവും. ഒന്നാംഘട്ട പരീക്ഷയില്‍ ഒഴിവുകളുടെ എണ്ണത്തിന്റെ 15 ഇരട്ടി പേരെയാണ്, മാർക്ക് അടിസ്ഥാനത്തില്‍ രണ്ടാംഘട്ട പരീക്ഷയിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യുക. രണ്ടാംഘട്ട പരീക്ഷ 150 മാർക്കിനായിരിക്കും. 150 ചോദ്യങ്ങളുണ്ടാവും. ജനറല്‍ അവയർനസ്, ഫിസിക്സ് ആൻഡ് കെമിസ്ട്രി, ബേസിക്സ് ഓഫ് കമ്പ്യൂട്ടർ ആൻഡ് ആപ്ലിക്കേഷൻസ്, ബേസിക്സ് ഓഫ് എൻവയോണ്‍മെന്റ് ആൻഡ് പൊല്യൂഷൻ കണ്ട്രോള്, ടെക്നിക്കല്‍ എബിലിറ്റീസ് എന്നിവയായിരിക്കും ചോദ്യവിഷയങ്ങള്‍.
പരീക്ഷാ ഫീസ്: വനിതകള്‍ക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും എസ്.സി/ എസ്.ടി. വിഭാഗക്കാർക്കും ന്യൂനപക്ഷവിഭാഗങ്ങളില്പ്പെട്ടവർക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും കുടുംബത്തിന്റെ വാർഷിക വരുമാനം 50,000 രൂപയില്‍ താഴെയുള്ളവർക്കും (ഇബിസി. വിഭാഗക്കാർ) 250 രൂപയാണ് ഫീസ്. ഇവർ ഒന്നാംഘട്ട പരീക്ഷയെഴുതിയാല്‍ മുഴുവൻ തുകയും തിരികെ നല്‍കും. ഈ വിഭാഗങ്ങളിലൊന്നും പെടാത്തവർക്ക് 500 രൂപയാണ് ഫീസ്. ഇവർ ഒന്നാംഘട്ട പരീക്ഷയെഴുതിയാല്‍ 400 രൂപ തിരികെ നല്‍കും. ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. സെപ്റ്റംബർ 15 വരെ ഫീസ് അടയ്ക്കാം.
അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. വെബ്സൈറ്റില്‍ ലിങ്കുള്ള അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഒരാള്‍ക്ക് ഒരു ആർആർബിയിലേക്ക് മാത്രമേ അപേക്ഷ നല്‍കാനാവൂ. തത്സമയ ഫോട്ടോ, ഒപ്പ് എന്നിവ വിജ്ഞാപനത്തില്‍ നിർദേശിച്ചിട്ടുള്ള മാതൃകയില്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം 04/2026 എന്ന നമ്പറില്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
ആർആർബി. വെബ്സൈറ്റ്: https://rrb.indianrailways.gov.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 13
അപേക്ഷയില്‍ തിരുത്തല്‍ വരുത്തേണ്ടവർക്ക് നിർദിഷ്ട ഫീസോടെ കൂടെ സെപ്റ്റംബർ 16 മുതല്‍ 25 വരെ അവസരം ലഭിക്കും






