കൊച്ചി : അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ വിദേശത്തെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി 21ന് രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. തൃശൂര്‍ മുടിക്കോട് തെക്കുട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ ആന്മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ എട്ടു മണിയോടെ നെടുമ്പാശ്ശേരിയില്‍ എത്തിക്കുന്നത്.
പോസ്റ്റ്മോര്‍ട്ടം, എംബാം ചെയ്യല്‍, വിദേശകാര്യ വകുപ്പുകളുടെ ഇമിഗ്രേഷന്‍ നടപടികള്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നത്. സാന്‍ഫ്രാന്‍സിസ്കോ സെന്റ് മേരീസ് യാക്കോബായ ദേവാലയത്തിലെ അസോസിയേറ്റ് വികാരി ഫാ. തോമസ് കോര പുല്‍പ്പാറയിലിന്റെ നേതൃത്വത്തിലാണ് കാലിഫോര്‍ണിയയിലെ ഔദ്യോഗിക നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.
വിമാനത്താവളത്തില്‍ നിന്ന് ഏറ്റുവാങ്ങുന്ന അഞ്ജനയുടെ മൃതദേഹം തൃശൂരിലെ വസതിയിലെത്തിച്ച ശേഷം 21ന് വൈകീട്ട് വീട്ടുവളപ്പില്‍ സംസ്കരിക്കും. ആന്‍ മേരിയുടെ സംസ്കാരം ഭര്‍ത്താവിന്റെ ഇടവകയായ കോട്ടയം ചിങ്ങവനം സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തില്‍ ചൊവ്വാഴ്ച നടക്കും.
അതേസമയം കേസില്‍ അറസ്റ്റിലായ കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് താഴെക്കെവയല് മാറാമറ്റം സ്വദേശി അനില ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. സാന്റാ ക്ലാര കൗണ്ടി മെയിന്‍ ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തിലാണ് പ്രതിയെ പാര്‍പ്പിച്ചിരിക്കുന്നത്.






