പിറവം: മലേഷ്യയില്‍ ഉരുള്‍പൊട്ടലിന് പിന്നാലെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ മൂന്ന് മലയാളികളടക്കം എട്ടുപേര്‍ മരിച്ചു.
തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ എറണാകുളം മണീട് ചീരക്കാട്ടുപാറ കുഞ്ഞന്മലയില് കെ.ബി. അനീഷ് (35), പേരാമ്പ്ര കല്പ്പത്തൂര് മമ്മിളിക്കുളം ചുണ്ടക്കാട്ടില്‍ നാരായണന്റെ മകന് ലിനില്‍ (44), കണ്ണൂര്‍ സ്വദേശിയായ മറ്റൊരാള്‍ എന്നിവരാണ് മരിച്ചത്.
വര്‍ഷങ്ങളായി മലേഷ്യയില്‍ ജോലി ചെയ്തിരുന്നവരാണ് മരിച്ച മൂന്ന് മലയാളികളും.
ഏഴുവര്‍ഷത്തോളമായി മലേഷ്യയില്‍ റവാങ്ങില് ജന്ട്രോള് എന്‍ജിയറിങ് കമ്പനിയില്‍ മെഷീന് ഓപ്പറേറ്ററായി ജോലിചെയ്യുകയായിരുന്നു അനീഷ്.
ദീപാവലി ആഘോഷിക്കാനായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം റവാങ്ങിലെ തടാകത്തിലെത്തിയതായിരുന്നു. അച്ഛന്: ചീരക്കാട്ടുപാറ കുഞ്ഞന്മലയില് പരേതനായ ഭാസ്കരന്. അമ്മ: സുജാത. ഭാര്യ: രേഷ്മ. മകന്: ഭവേന്ദു. സഹോദരങ്ങള്‍: കെ.ബി. അജുമോന്, കെ.ബി. അജീഷ്.
മലേഷ്യയിലെ ന്യൂ സിസ്റ്റം ടെക്നോളജി എസ്.ഡി.എം. ബി.എച്ച്.ഡി.യില്‍ പ്രോഗ്രാമറായിരുന്നു ലിനില്‍. ഭാര്യ: ജേഷ്മ (സ്വപ്ന). മക്കള്‍: വിഷ്ണുവേദ്, അരുണ്വേദ്. അമ്മ: രുക്മിണി.
റവാങ്ങില് ആശുപത്രിയിലുള്ള മൃതദേഹങ്ങള്‍ മലയാളി അസോസിയേഷന് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് കൊണ്ടുവരാനാണ് ശ്രമം.






