മലപ്പുറം: പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാരനെ യുവാക്കള്‍ ക്രൂരമായി മർദ്ദിച്ചതായി പരാതി.
പോയിന്റസ്മാനായി ജോലിചെയ്യുന്ന വാഴക്കാട് സ്വദേശി ഷവ്വാഫിനാണ് (32) മർദ്ദനമേറ്റത്.
സംഭവത്തില്‍ രണ്ടുയുവാക്കള്ക്കെതിരെ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ആലപ്പുഴ കണ്ണൂർ എക്സ്പ്രസില്‍ ജനറല്‍ ടിക്കറ്റ് എടുത്ത് എസി കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു പ്രതികള്‍. ഇത് ശ്രദ്ധയില്‍പ്പെട്ട ടിടിഇ പ്രതികളുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് ട്രെയിൻ പരപ്പനങ്ങാടിയില്‍ എത്തിയപ്പോള്‍ രണ്ടുപേരും ഇറങ്ങി. ട്രെയിനിന് പുറത്തുനിന്ന് ടിടിഇയെ അസഭ്യംപറയാൻ തുടങ്ങി. ഇതിനിടെ സ്റ്റേഷൻ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഷവ്വാഫ് ഇത് മൊബൈല്‍ ഫോണില്‍ പകർത്തി.
ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ഷവ്വാഫിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മൂക്കിന് ഇടിക്കുകയും കഴുത്തിന് പിടിച്ച് തള്ളിയിട്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തില്‍ ഇദ്ദേഹത്തിന്റെ മുഖം, മൂക്ക്, കഴുത്ത്, കൈകാലുകള്‍ എന്നിവയ്ക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






