മലപ്പുറം : മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമവും നഗ്നതാ പ്രദർശനവും നടന്നതായി പരാതി. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. കോഴിക്കോട്-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎൽ-15എ 1529 നമ്പർ കെഎസ്ആർടിസി ബസിലാണ് സംഭവം. മോങ്ങം സ്വദേശിയായ യുവതിയാണ് പരാതിക്കാരി.
ബസിലെ ജനറൽ സീറ്റിൽ ഇരിക്കുകയായിരുന്ന യുവതിയോട് പ്രതി അവിടെ ഇരിക്കുന്നതിനെക്കുറിച്ച് ചോദ്യം ചെയ്തതായും തുടർന്ന് മോശമായി പെരുമാറിയതായും പരാതിയിൽ പറയുന്നു. യാത്രയ്ക്കിടെ പ്രതി കൈമുട്ടുകൊണ്ട് യുവതിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചെന്നും പിന്നീട് നഗ്നതാ പ്രദർശനം നടത്തിയെന്നും പരാതിക്കാരി ആരോപിച്ചു.
അതേസമയം സംഭവത്തിൽ ബസ് കണ്ടക്ടർ ഇടപെടുന്നതിൽ വീഴ്ച വരുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിന് പിന്നാലെ ബസ് ഉടൻ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയോ പരാതി നൽകാൻ ആവശ്യമായ ഇടപെടൽ നടത്തുകയോ ചെയ്തില്ലെന്നും പരാതിക്കാരി ആരോപിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്.






