മലപ്പുറം : സ്ഫോടക വസ്തു കേസിൽ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തത് എൻഐഎ. കർണാടക വിജയപുര സ്വദേശികളായ മന്തഗൗഡ് ബിരാദർ, ബാപഗൗഡ് ഭീരമായ ചൗദ്രി, പ്രകാശ് ഗൗഡ ബിരാദർ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ഇതുവരെ 11 പേർ അറസ്റ്റിലായി.
മലപ്പുറത്ത് വൻതോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) റെയ്ഡ് നടത്തിയിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെയും പത്തൊമ്പതോളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഈ റെയ്ഡുകളിൽ നിർണായകമായ ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് നിരവധി രേഖകളും കണ്ടെടുത്തതായി എൻഐഎ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസാണിതെന്നും എൻഐഎ വ്യക്തമാക്കിയിരുന്നു.
448 ബോക്സുകളിലായി സൂക്ഷിച്ചിരുന്ന 89,600 ജെലാറ്റിൻ സ്റ്റിക്കുകളും 35 ബോക്സുകളിലായി ഉണ്ടായിരുന്ന 10,500 നോൺ-ഇലക്ട്രിക് ഡിറ്റണേറ്ററുകളും ഉൾപ്പെടുന്നതാണ് റെയ്ഡുകളിൽ പിടിച്ചെടുത്ത വൻ സ്ഫോടകവസ്തു ശേഖരം. യാതൊരുവിധ ലൈസൻസുമില്ലാതെയാണ് ഇത്രയും വലിയ തോതിൽ സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്ന് കേന്ദ്ര ഏജൻസി വ്യക്തമാക്കി.






