മഞ്ചേരി: ഹോം മാച്ചില്‍ മലപ്പുറം എഫ് സിക്ക് മുന്നില്‍ കണ്ണൂര്‍ വാരിയേഴ്സിന് കനത്ത തോല്‍വി (3-0).
ഈ വിജയത്തോടെ മലപ്പുറം സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.
ലീഗ് പാതി പിന്നിടുമ്പോള്‍ അഞ്ച് കളികളില്‍ എട്ടു പോയിന്റാണ് മലപ്പുറത്തിന്. ഇത്രയും കളികളില്‍ ഏഴ് പോയിന്റുള്ള കണ്ണൂര്‍ നാലാം സ്ഥാനത്ത്.
മത്സരത്തിലെ ആദ്യ മികച്ച അവസരം16-ാം മിനിറ്റിൽ മലപ്പുറത്തിനാണ് ലഭിച്ചത്.
വലതുവിങിൽ നിന്ന് ക്യാപ്റ്റൻ അമദു സുക്കൂന നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ എൽഫോർസിക്ക് മുന്നിൽ രണ്ട് സാധ്യതകളുണ്ടായിരുന്നു
സ്വയം ഷോട്ട് ഉതിർക്കുക, അല്ലെങ്കിൽ സഹതാരത്തിന് പന്ത് കൈമാറുക. എന്നാൽ തീരുമാനമെടുക്കാൻ വൈകിയതോടെ അവസരം നഷ്ടമായി.
19-ാം മിനിറ്റിൽ മലപ്പുറം ഗോൾ നേടി. മധ്യനിരയിൽ നിന്നുള്ള എൽഫോർസിയുടെ നീളൻ പാസ് കണ്ണൂർ പ്രതിരോധനിരയ്ക്ക് ഇടയിലൂടെ നുഴഞ്ഞുകയറിയ അമദു സുക്കൂന കൃത്യമായി നിയന്ത്രിച്ച ശേഷം പോസ്റ്റിലേക്ക് തിരിച്ചുവിട്ടു.
മുന്നോട്ടുകയറി വന്ന ഗോളി ഹജ്മലിന്റെ കൈയിൽ തട്ടിയ പന്ത് വലയിൽ കയറി (1-0).
സമനിലയ്ക്കായുള്ള കണ്ണൂരിന്റെ ശ്രമത്തിനിടെ ആൽവാരസിനും സിനാനും ലഭിച്ച അവസരങ്ങൾ മുതലാക്കാനായില്ല.
ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് മലപ്പുറം ലീഡ് രണ്ടാക്കി. എൽഫോർസിയുടെ കോർണർ കണ്ണൂർ പ്രതിരോധം ക്ലിയർ ചെയ്തെങ്കിലും പന്ത് ലഭിച്ച മുഹമ്മദ് മഹ്ദിയുടെ നിലംപറ്റെയുള്ള ഷോട്ട് ബോക്സിലെ ആൾക്കൂട്ടത്തിനിടയിലൂടെ വലയിലെത്തി (2-0).






