മലപ്പുറം: മലപ്പുറം എടവണ്ണയില് മന്ത്രവാദത്തിന്റെ മറവില് പ്രായപൂർത്തിയാവാത്ത പെണ്കുട്ടിയെ പീഡിപ്പിച്ചെന്ന എന്ന പരാതിയില് യുവാവ് അറസ്റ്റില്.
ജിലാനി തങ്ങള് എന്ന പേരില് അറിയപ്പെട്ടിരുന്ന കുണ്ടുതോട് സ്വദേശി ജസീലാണ് അറസ്റ്റിലായത്. ചികിത്സ നല്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 17കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രതി പീഡിപ്പിച്ചെന്നാണ് പരാതി.
എടവണ്ണ കുണ്ടുതോടുള്ള പ്രതിയുടെ വീട്ടില് വെച്ചാണ് പെണ്കുട്ടി പീഡനത്തിന് ഇരയാക്കിയത്. ചികിത്സയ്ക്ക് വന്ന മാതാവുമായി സൗഹൃദബന്ധം പുലർത്തി പ്രതി ഇവരുടെ മകളെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില് പ്രതി പെണ്കുട്ടിയുടെ മാതാവിനെയും കൊണ്ട് നാടുവിട്ടിരുന്നു. രണ്ട് മാസത്തിലേറെയായി പ്രതിയും സ്ത്രീയും കേരള, കർണാടക അതിർത്തിയായ ആനക്കല്ലില് ഒളിവില് കഴിയുകയായിരുന്നു. ഇവർ ആനക്കല്ലില് ഒളിവില് കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് എടവണ്ണ പൊലീസും നിലമ്പൂർ സ്ക്വാഡും പ്രതികളെ കാസർക്കോട്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യജ ചികിത്സയുടെ മറവില് ഇയാള് കൂടുതല് പേരെ ഇരകളാക്കിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്റ് ചെയ്തു.






