മണര്‍കാട് : പാലത്തിന്റെ അശാസ്ത്രീയതയും അധികൃതരുടെ അവഗണനയും മൂലം മണര്‍കാട്-അയര്‍ക്കുന്നം റോഡിലെ മാലം പാലം യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും പേടിസ്വപ്നമാകുന്നു. പാലത്തിന്റെ അശാസ്ത്രീയതയും അധികൃതരുട അവഗണനയും ചേരുന്നതോടെ ഇവിടെ അപകടങ്ങള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു.
ഇത് ആദ്യ സംഭവമല്ലെന്നും ഇവിടെ അപകടങ്ങള്‍ പതിവാണെന്നും യാത്രക്കാര്‍ പറയുന്നു. മുമ്പുണ്ടായ അപകടങ്ങളില്‍ വലിയ ജീവഹാനി ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണെന്ന് നാട്ടുകാര്‍ പറയുന്നു. തിരക്കേറിയ റോഡില്‍ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തു വലിയ വളവാണ്. വളവു കഴിഞ്ഞു പാലത്തിലേക്കു കയറുമ്പോള്‍ എതിര്‍ദിശയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയില്ല. രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിലാണ് അപകടങ്ങള്‍ വര്‍ധിക്കുന്നത്.
റോഡിനെ അപേക്ഷിച്ചു പാലത്തിന് വീതി വളരെ കുറവായതിനാല്‍ രണ്ടു വലിയ വാഹനങ്ങള്‍ ഒരേ സമയം കടന്നു പോകുമ്പോഴും അപകട സാധ്യത നിലനില്ക്കുന്നു. തകര്‍ന്നു കിടന്ന കൈവരി ഏതാനും വര്‍ഷം മുമ്പ് പുനര്നിര്മിച്ചതല്ലാതെ റോഡ് വികസനത്തിനൊപ്പം പാലം വികസനമൊന്നും നടന്നില്ലെന്നു പരാതിയുണ്ട്.
സ്പീഡ് ബ്രേക്കറുകളോ, മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാത്തതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു.സ്കൂള്‍ കുട്ടികളും പ്രായമായവരും അടക്കം പാലത്തിലൂടെ നടന്നു പോകുന്ന നൂറുകണക്കിന് കാല്‍നട യാത്രക്കാര്‍ക്കും ദുരിതം തന്നെയാണ്. വാഹനങ്ങള്‍ വരുമ്പോള്‍ മാറി നില്ക്കാന് പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്.






