കോട്ടയം : നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ തിരുനക്കര മൈതാനം നിലവിൽ നാശത്തിന്റെ വക്കിൽ. ടൈലുകളെല്ലാം ഇളകി, മൈതാനത്തെ മരങ്ങൾക്ക് ചുറ്റും സ്ഥാപിച്ച ഇരിപ്പിടങ്ങൾ പൊട്ടിപ്പൊളിഞ്ഞ് വളരെ ശോചനീയമായ അവസ്ഥയിലാണ് മൈതാനം.
നഗരസഭ കൃത്യമായ ഇടവേളകളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്താത്തതാണ് നാശത്തിന് കാരണമെന്നാണ് ആരോപണം. ഒരു കാലത്ത് നിരവധി പരിപാടികൾക്ക് വേദിയായിരുന്ന മൈതാനവും സ്റ്റേജും ഇപ്പോൾ ചില പരിപാടികൾക്കായി മാത്രമാണ് വിട്ട് നല്കുന്നത്.
ചുറ്റുമതിൽ, ശുചിമുറി എന്നിവ മോശം അവസ്ഥയിലാണ്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ് മൈതാനം. മദ്യപിക്കുന്നവരും മറ്റു ലഹരി ഉപയോഗിക്കുന്നവരുമെല്ലാം പകൽ സമയത്തു പോലും ഇവിടെ സജീവമാണ്. നിലവിൽ പകൽ സമയത്ത് മൈതാനം പാർക്കിങ്ങിനായി സ്വകാര്യവ്യക്തിക്കു വിട്ടുനല്കിയിരിക്കുകയാണ്.
നഗരത്തിന്റെ മുഖച്ഛായ മാറ്റാനുള്ള പദ്ധതികൾ ഉടനെ നടപ്പിലാക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചിരുന്നു. പദ്ധതിയിൽ തിരുനക്കര മൈതാനം, ഗാന്ധി സ്ക്വയർ ഉൾപ്പടെയുള്ള നഗരത്തിലെ പ്രധാന കേന്ദ്രങ്ങളും അടങ്ങിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു. പക്ഷേ, പദ്ധതികളൊന്നും ഇതുവരെ നടപ്പായിട്ടില്ല.






