മുണ്ടക്കയം : ജനങ്ങളുടെ ജീവന് പുല്ലുവില കല്‍പ്പിച്ച് പൈങ്ങന തോട്ടിലേക്ക് വ്യാപകമായി രാസമാലിന്യം ഒഴുക്കുന്നു. മിക്ക ദിവസങ്ങളിലും തോട്ടിലെ വെള്ളം പാല് നിറത്തില്‍ കലങ്ങി മലിനമായി ഒഴുകുന്ന നിലയിലാണ്. ഇതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങളാണ് കടുത്ത ദുരിതത്തിലായത്. കഴിഞ്ഞ മൂന്നുദിവസം മുൻപ് വെള്ളത്തില്‍ കുളിച്ച 31 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ പ്രദേശത്ത് ആശങ്കയും ഉയർന്നു.
ചിറ്റടി ഭാഗത്ത് രാത്രികാലങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന സാമൂഹ്യവിരുദ്ധരാണ് തോട്ടിലേക്ക് മലിനജലം ഒഴുക്കിവിടുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്തെ ഏതെങ്കിലും ഫാക്ടറികളില്‍ നിന്നോ, അതല്ലെങ്കില്‍ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വൻതോതില്‍ വാഹനങ്ങളിലോ ആണ് മാലിന്യം എത്തിക്കുന്നത്.
കുളിക്കാനും മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്കും തോട്ടിലെ വെള്ളത്തെ മാത്രം ആശ്രയിക്കുന്ന അനേകം കുടുംബങ്ങള്‍ ഭീതിയിലാണ്. പൈങ്ങന തോടിനെ പൂർണ്ണമായി ആശ്രയിച്ച് പ്രവർത്തിക്കുന്ന നിരവധി കുടിവെള്ള പദ്ധതികളും ഈ പ്രദേശത്തുണ്ട്. പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കിയതായി വാർഡ് മെമ്പർ റോയ് കപ്പിലുമാക്കല്‍ അറിയിച്ചു.






