തിരുവനന്തപുരം: എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും സംവിധായകനുമായ മേജർ രവി.
സുകുമാരൻ നായരുടെ ധാർഷ്ട്യവും അഹങ്കാരവും അംഗീകരിക്കാനാകില്ലെന്നും പെരുന്നയില്‍ പോയി ഓച്ഛാനിച്ച് നില്ക്കാൻ തന്നെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മക്കളെ എൻഎസ്എസ് കോളേജില്‍ പഠിപ്പിക്കാനോ ഭാര്യയ്ക്ക് അവിടെ ജോലി വാങ്ങിക്കൊടുക്കാനോ താൻ ശ്രമിച്ചിട്ടില്ലെന്നും മേജർ രവി പറഞ്ഞു. മലബാർ നായന്മാർ ആരുടെയും മുന്നില്‍ തലകുനിക്കുന്ന ശീലമുള്ളവരല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് മേജർ രവിയുടെ പ്രതികരണം.
'ഞങ്ങള്‍ മലബാർ നായന്മാരാണ്. ആരുടെയും മുന്നില്‍ ഓച്ഛാനിച്ച് നില്ക്കുന്ന രീതിയില്ല. സമൂഹത്തിനുവേണ്ടി പോരാടുന്നവരാണ് ഞങ്ങളുടെ കുടുംബത്തിലുള്ളത്. ആരെങ്കിലും എന്തെങ്കിലും പ്രശ്നവുമായി വന്നാല്‍ അച്ഛൻ മുന്നിട്ടിറങ്ങുമായിരുന്നു. പല ജാതിക്കാരും അതില്‍ ഉള്‍പ്പെടുമായിരുന്നു. എല്ലാവർക്കും വേണ്ടി പോരാടുന്ന ഒരു കൂട്ടായ്മയാണ് ഞങ്ങളുടേത്'- മേജർ രവി പറഞ്ഞു.
താൻ ഒരു രാഷ്ട്രീയക്കാരനാണെന്നും ഒരു സമുദായ സംഘടനയുടെ നേതാവ് വിളിച്ചുപറഞ്ഞാല്‍ അതനുസരിച്ച് ആളുകള്‍ വോട്ട് ചെയ്യുമെന്ന ധാരണ ശരിയല്ലെന്നും മേജർ രവി പറഞ്ഞു. സമുദായ നേതാക്കളുടെ സ്വാധീനം സംബന്ധിച്ച രാഷ്ട്രീയ സമീപനങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു.
ധാർഷ്ട്യവും അഹങ്കാരവും തനിക്ക് ഇഷ്ടമല്ലെന്നും ഇത്തരത്തിലുള്ള സമീപനമാണ് ചില രാഷ്ട്രീയ നേതാക്കളോട് തനിക്ക് അകല്‍ച്ച തോന്നാനുള്ള കാരണമെന്നും മേജർ രവി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി വി.ഡി സതീശന്റെ പൊതുസമീപനത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ പരാമർശിച്ചും മേജർ രവി സംസാരിച്ചു. ശശി തരൂർ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ വ്യക്തിയാണെന്നും അദ്ദേഹത്തെ പോലുള്ള വ്യക്തികളോട് ബഹുമാനത്തോടെ പെരുമാറണമെന്നും മേജർ രവി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസവും ലോകപരിചയവുമുള്ളവർ അഹങ്കാരം മാറ്റിവച്ച് മറ്റുള്ളവരെ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ജീവിതച്ചെലവിനായി ഒരു രാഷ്ട്രീയ പാർട്ടിയെയോ സമുദായ സംഘടനയെയോ ആശ്രയിക്കുന്നില്ലെന്നും മേജർ രവി വ്യക്തമാക്കി. സൈനിക സേവനത്തിന് ലഭിക്കുന്ന പെൻഷൻ മതി തനിക്കെന്നും മേജർ രവി പറഞ്ഞു.






