ന്യൂഡല്‍ഹി : സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നിന്നും രാത്രി വൈകി തന്നെ ഒഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. കൃഷ്ണനഗറിലെ സര്‍ക്യൂട്ട് ഹൗസില്‍ വൈകീട്ട് 6.30നാണ് മഹുവ എത്തിയത്. 9.20ന് രാത്രി ഭക്ഷണം റൂമില്‍ എത്തിച്ചു നല്കി. മുറി ഒഴിയണമെന്നാവശ്യപ്പെട്ട് 9.47നാണ് ഫോണ്‍ വരുന്നതെന്ന് മഹുവ പറയുന്നു. പുറത്ത് ആളുകള്‍ കൂട്ടം ചേര്‍ന്ന് ജയ്ശ്രീറാം മുഴക്കുന്നുണ്ടായിരുന്നുവെന്നും മഹുവ ആരോപിച്ചു.
വനിതാ എംപിയെന്ന നിലയില്‍ സ്വന്തം മണ്ഡലത്തിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചു വരവെ രാത്രി 9.47ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മുറി ഒഴിയാന്‍ ആവശ്യപ്പെടുന്നു. എന്തൊരു ധൈര്യമാണെന്ന് നോക്കൂവെന്നും മഹുവ മറ്റൊരു പോസ്റ്റില്‍ ആരോപിച്ചു. പ്രതിപക്ഷ നേതാക്കളെ മണ്ഡലത്തില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും മഹുവ ആരോപിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. താന്‍ മണ്ഡലത്തിലെ പ്രതിനിധിയാണെന്നും അതിനാല്‍ ഇവിടെ താമസിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും മഹുവ പറയുന്നു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ ടാഗ് ചെയ്തും മഹുവ മൊയിത്ര എക്സില്‍ പോസ്റ്റ് പങ്കുവെച്ചു.






