കോട്ടയം: കോട്ടയത്ത് രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് കൂടി യാഥാർത്ഥ്യമാക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. ചങ്ങനാശ്ശേരിയില്‍ ഉയരുന്ന കെ.ജി.എ മാളിലാണ് 50,000 സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് നിർമ്മിക്കുക.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, കെജിഎ ഗ്രൂപ്പ് ചെയർമാൻ കെ.ജി എബ്രഹാം എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ലുലു തിരുവനന്തപുരം തമിഴ്നാട് ഡയറക്ടർ ജോയ് ഷഡാനന്ദൻ, കെ.ജിഎ ഗ്രൂപ്പ് ഡയറക്ടർ ആൻഡ് സിഇഒ കെ.സി ഈപ്പൻ എന്നിവർ ചേർന്ന് ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ (ലെറ്റർ ഓഫ് ഇൻ്റൻ്റ്) ഒപ്പുവച്ചു.
കോട്ടയത്തിനും സമീപമുള്ള പത്തനംത്തിട്ട, ആലപ്പുഴ, കൊല്ലം ജില്ലയിലെ ഉപഭോക്താകള്‍ക്കും ഏറെ സൗകര്യപ്രദമാകും ചങ്ങനാശ്ശേരിയിലെ ലുലു ഹൈപ്പർമാർക്കറ്റ്. 550ലേറെ പുതിയ തൊഴിവസരം കൂടിയാണ് ഒരുങ്ങുന്നത്.
മധ്യകേരളത്തില്‍ സേവനം കൂടുതല്‍ വിപുലമാക്കാനുള്ള ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ വീക്ഷണത്തിന്റെ പ്രതിഫലനമാണ് പുതിയ ചുവടുവയ്പ്പെന്നും പ്രദേശിക വികസനത്തിനൊപ്പം കൂടുതല്‍ തൊഴിലവസരം കൂടിയാണ് യാഥാർത്ഥ്യമാകുകയെന്നും ലുലു തിരുവനന്തപുരം തമിഴ്നാട് ഡയറക്ടർ ജോയ് ഷഡാനന്ദൻ പറഞ്ഞു.
കോട്ടയം നാട്ടകത്തെ ലുലു ഹൈപ്പർമാർക്കറ്റിന് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച മികച്ച പിന്തുണയാണ് പുതിയ പദ്ധതിക്ക് വേഗതപകർന്നതെന്നും അദേഹം വ്യക്തമാക്കി.
ലുലു ഗ്രൂപ്പുമായി സഹകരിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും മധ്യകേരളത്തിൻ്റെ വികസനത്തിന് വലിയ കരുത്തേകുന്നതാണ് പദ്ധതിയെന്നും കെ.ജിഎ ഗ്രൂപ്പ് ഡയറക്ടർ ആൻഡ് സിഇഒ കെ.സി ഈപ്പൻ വ്യക്തമാക്കി.
കെ.ജി എബ്രഹാം ചെയർമാനമായ കുവൈത്ത് ആസ്ഥാനമായുള്ള കെ.ജി.എ ഗ്രൂപ്പിന്റെ കെ.ജി.എ മാളില്‍, ലുലു ഹൈപ്പർമാർക്കറ്റിന് പുറമേ അന്താരാഷ്ട്ര റീട്ടെയ്ല്‍ ബ്രാൻഡ് ഷോറൂമുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, ലക്ഷ്വറി ഹോട്ടല്‍, ബാങ്ക്വറ്റ് ഹാള്‍, വിനോദകേന്ദ്രങ്ങള്‍ തുടങ്ങിയവും ഉണ്ടാകും. മികച്ച പാർക്കിംഗ് സൗകര്യത്തോടെയാണ് മാള്‍ ഉയരുന്നത്. കുവൈത്ത് ആസ്ഥാനമായുള്ള കെജിഎ ഗ്രൂപ്പിന് കേരളത്തില്‍ മികച്ച പ്രൊജക്ടുകളാണ് ഉള്ളത്. കൊച്ചി ക്രൗണ്‍ പ്ലാസ, തിരുവല്ലയിലെ കെ.ജി.എ. എലൈറ്റ് കോണ്ടിനെന്റല് ഹോട്ടല്‍സ് അടക്കം നിരവധി പദ്ധതികളാണ് കേരളത്തില്‍ കെജിഎ ഗ്രൂപ്പിനുള്ളത്. കെജിഎ മാള്‍ അടക്കം പത്ത് പുതിയ പദ്ധതികള്‍ കൂടി സംസ്ഥാനത്ത് കെജിഎ ഗ്രൂപ്പ് നടപ്പാക്കുന്നുണ്ട്.






