മുണ്ടക്കയം : മണിമലയാറിന് കുറുകെ ചാച്ചിക്കവലയിലുള്ള ചെക്ക് ഡാം പൊളിച്ചുമാറ്റുന്നതില്‍ ജനപ്രതിനിധികള്‍ക്കിടയില്‍ ഭിന്നാഭിപ്രായം. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ മണിമലയാർ കരകവിഞ്ഞൊഴുകുകയാണ്. ഈ സാഹചര്യത്തിൽ പുത്തൻചന്ത മേഖലയിലെ നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മണിമലയാറിന് കുറുകെ ചാച്ചിക്കവലയിലുള്ള ചെക്ക് ഡാം പൊളിച്ചു മാറ്റണമെന്ന് മുണ്ടക്കയം പഞ്ചായത്തിലെ ഒരു വിഭാഗം ജനപ്രതിനിധികള്‍ ആവശ്യപ്പെടുമ്പോള്‍ കടുത്ത എതിർപ്പുമായി മറു വിഭാഗം രംഗത്ത്.
ഓരോ മഴക്കാലത്തും മുണ്ടക്കയം കോസ് വേ പാലവും പുത്തൻചന്ത മേഖലയും വെള്ളത്തിനടിയിലാകുന്നത് ചാച്ചിക്കവലയിലെ ചെക്ക് ഡാം നിറയുന്നതിനാലാണെന്നാണ് ഒരു വിഭാഗം ജനപ്രതിനിധികള്‍ വാദിക്കുന്നത്.കഴിഞ്ഞ ദിവസം പ്രളയ ദുരിത മേഖല സന്ദർശിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ചെക്ക് ഡാം സന്ദർശിച്ചിരുന്നു. ഈ വേളയില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികള്‍ ചെക്ക് ഡാം പൊളിച്ചു നീക്കണമെന്ന ആവശ്യം കളക്ടറുടെ മുന്നില്‍ അവതരിപ്പിച്ചിരുന്നു.
തുടർന്ന് പഞ്ചായത്ത് കമ്മിറ്റി റെസലൂഷൻ പാസാക്കി നല്കാൻ കളക്ടർ നിർദേശം നല്‍കിയെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെക്ക് ഡാം പൊളിച്ചു നീക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റുമായ സൂസമ്മ മാത്യുവും പുത്തൻചന്ത നാലാം വാർഡ് മെംബറും ഇടതുപക്ഷ പ്രവർത്തകനുമായ ബെന്നി നെയ്യൂരും പറഞ്ഞു.
അതേസമയം കടുത്ത വേനലില്‍ മുണ്ടക്കയം മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നാലു കുടിവെള്ള പദ്ധതികള്‍ ചെക്ക് ഡാമുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നും കൃത്യവും ശാസ്ത്രീയവുമായ പഠനം നടത്തിയതിന് ശേഷവും ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയതിനുശേഷവും മാത്രമേ ചെക്ക് ഡാം പൊളിക്കല്‍ നടപടിയിലേക്ക് കടക്കാവൂ എന്നുമാണ് സി.വി. അനില്‍കുമാറിന്റെ നിർദേശം. അല്ലാത്തപക്ഷം വേനലില്‍ മുണ്ടക്കയം ടൗണിലും സമീപ മേഖലകളിലുമായി നൂറ് കണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥ ഉണ്ടാകുമെന്നും ഇദ്ദേഹം പറയുന്നു.






