പത്തനംതിട്ട: തണ്ണിത്തോട്ടില്‍ ഇന്ന് പുതുതായി സർവീസ് ആരംഭിച്ച കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകള്‍ സ്വകാര്യ ബസ് ജീവനക്കാർ നടുറോഡില്‍ തടഞ്ഞു. ഈ ഭാഗത്ത് കുറച്ചുവർഷങ്ങളായി കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നില്ല. 15 മിനിട്ടിന്റെ ഇടവേളകളില്‍ സ്വകാര്യ ബസുകളാണ് റൂട്ടില്‍ സർവീസ് നടത്തിയിരുന്നത്. 'ബ്ലൂ ഹില്‍' എന്ന സ്വകാര്യ ബസിലെ ജീവനക്കാരും ഉടമകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രിയദർശിനി സർവീസ് ആരംഭിച്ചാല്‍ വലിയ വരുമാന നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ന് രാവിലെയാണ് ആന്റോ ആന്റണി എംപി പുതിയ പ്രിയദർശിനി ബസുകള്‍ ഫ്ളാഗ്ഒഫ് ചെയ്തത്. പിന്നാലെ സ്വകാര്യ ബസുടമ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 16 ബസുകള്‍ ഒരുമിച്ച് ജംഗ്ഷനിലേക്ക് കൊണ്ടുവന്നിടുകയായിരുന്നു.
സ്വകാര്യ ബസുകള്‍ എത്തുന്നതിന് അഞ്ച് മിനിറ്റ് മുൻപായി കെഎസ്ആർടിസി എത്തി യാത്രക്കാരെ കൊണ്ടുപോകുന്നുവെന്നും ഇതിലൂടെ തങ്ങള്‍ക്ക് ലഭിക്കേണ്ട വരുമാനം നഷ്ടമാകുന്നുവെന്നും പറഞ്ഞായിരുന്നു പ്രതിഷേധം. പ്രതിഷേധ സൂചകമായി ബ്ലൂ ഹില്‍ ബസുകള്‍ ഇന്ന് സർവീസ് നടത്തിയില്ല.
കെഎസ്ആർടിസി സർവീസുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലേക്ക് പുതിയതായി പ്രിയദർശിനി ബസുകള്‍ ഓടിക്കില്ലെന്ന് നേരത്തെ അധികൃതർ വാഗ്ദാനം നല്‍കിയിരുന്നതായി സ്വകാര്യ ബസുടമകള്‍ പറയുന്നു. എന്നാല്‍ ഇതിന് വിപരീതമായാണ് ഇപ്പോള്‍ പുതിയ റൂട്ടുകളില്‍ സർവീസ് തുടങ്ങിയത്. ഇതിന് പുറമെ, സർവീസ് നടത്തുന്ന ഈ കെഎസ്ആർടിസി ബസുകള്‍ക്ക് പെർമിറ്റോ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ ഇല്ലെന്ന ഗുരുതരമായ ആരോപണവും സ്വകാര്യ ബസ് ഉടമകള്‍ ഉന്നയിക്കുന്നുണ്ട്.
തണ്ണിത്തോട് റൂട്ടില്‍ കെഎസ്ആർടിസി സർവീസുകളുമായി ബന്ധപ്പെട്ട് മുൻപും സ്വകാര്യ ബസുകാരുമായി പലതവണ തർക്കങ്ങള്‍ നിലനിന്നിരുന്നു. ഇതില്‍ കൃത്യമായ പരിഹാരം കാണാത്തതിന്റെ തുടർച്ചയായാണ് ഇന്ന് രാവിലെ ബസ് തടയുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്.






