മുണ്ടക്കയം: ലോട്ടറി ടിക്കറ്റിന് സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് 30 ടിക്കറ്റുകൾ കൈക്കലാക്കി പണം തട്ടിയെടുത്തതായി പരാതി.
അമരാവതി കല്ലുപറമ്പിൽ പി.കെ. രഘുവാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ രഘു മുണ്ടക്കയം പോലീസിൽ പരാതി നൽകി.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പുത്തൻചന്തയ്ക്ക് സമീപമെത്തിയ 45 വയസ്സ് തോന്നിക്കുന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് രഘു പറയുന്നു. ഇയാളുടെ കൈവശമുള്ള ലോട്ടറി ടിക്കറ്റിന് 5,000 രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് രഘുവിനെ വിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്ന് രഘുവിന്റെ പക്കൽ നിന്ന് 30 ലോട്ടറി ടിക്കറ്റുകൾ വാങ്ങി. സമ്മാനത്തുകയുമായി ബന്ധപ്പെട്ട് ബാക്കിയുള്ള 3,500 രൂപ രഘു തിരികെ നൽകുകയും ചെയ്തു.
എന്നാൽ ടിക്കറ്റുകളുമായി ലോട്ടറി ഏജൻസിയിൽ എത്തിയപ്പോഴാണ് തട്ടിപ്പ് നടന്നതായി വ്യക്തമായത്.
പരിശോധനയിൽ ലോട്ടറി ടിക്കറ്റിലെ തീയതിയും കോഡ് നമ്പറും തിരുത്തിയതാണെന്ന് വ്യക്തമായതായി രഘു പറയുന്നു.
സംഭവത്തിൽ മുണ്ടക്കയം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താനുള്ള തുടർനടപടികൾ സ്വീകരിച്ചു






