ന്യുയോര്‍ക്ക്: മേജര്‍ ലീഗ് സോക്കറിന്റെ റെക്കോര്‍ഡ് ബുക്കിലേക്ക് വീണ്ടും ലയണല്‍ മെസിയുടെ കുതിപ്പ്.
തുടര്‍ച്ചയായി രണ്ട് സീസണില്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം നേടുന്ന ആദ്യ എം എല്‍ എസ് പ്ലെയറായിരിക്കുന്നു ഇന്റര്‍മിയാമി ക്യാപ്റ്റന്‍.
മുപ്പത്തൊമ്പതാം വയസില്‍, യുവതാരങ്ങളെയെല്ലാം പിറകിലാക്കിയാണ് അര്‍ജന്റൈന്‍ താരം മുന്നേറിയത്.
2026 സീസണില്‍ ഇന്റര്‍മിയാമിക്കായി കളിച്ച 31 മത്സരങ്ങളില്‍ 26 ഗോളുകള്‍ അടിച്ചുകൂട്ടിയാണ് മെസി മികച്ച ഗോള്‍വേട്ടക്കാരനായത്. 22 ഗോളുകള്‍ നേടിയ എഫ് സി ഡാളസിന്റെ പെറ്റാര്‍ മൂസയെ പിറകിലാക്കിയാണ് മെസി ഗോള്‍ഡന്‍ ബൂട്ടില്‍ മുത്തമിട്ടത്.
2025 സീസണില്‍ 29 ഗോളുകള്‍ നേടിയും മെസി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു.
മേജര്‍ ലീഗ് സോക്കറിന്റെ ചരിത്രത്തില്‍ ഒന്നിലധികം തവണ ഗോള്‍ഡന്‍ ബൂട്ട് നേടുന്ന ആറാമത്തെ താരമാണ് മെസി.
ഇത്തവണ മെസി നേടിയ 26 ലീഗ് ഗോളുകളില്‍ ഒന്ന് മാത്രമാണ് പെനാല്‍റ്റിയിലൂടെ സ്കോര്‍ ചെയ്തത്. ഗോളടിക്കുന്നതിനേക്കാള്‍ മെസി ശ്രദ്ധ കൊടുത്തത് സഹതാരങ്ങളെ കൊണ്ട് സ്കോര്‍ ചെയ്യിപ്പിക്കാനാണ്.
പതിനേഴ് അസിസ്റ്റുകളാണ് സീസണില്‍ മെസി നടത്തിയത്. ഈ കണക്കുകള്‍ പ്രകാരം സീസണില്‍ ആകെ 43 ഗോള്‍ സംഭാവനകളുമായി മെസി മേജര്‍ ലീഗ് സോക്കറില്‍ മുന്നിലെത്തി. കഴിഞ്ഞ മൂന്ന് സീസണുകളില്‍ നിന്ന് മെസി എം എല്‍ എസില്‍ നേടിയത് 75 ഗോളുകളാണ്.






